ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതികരിക്കാതെ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാം എന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യത്തില്‍ പ്രതികരിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. ശബരിമല വിഷയത്തിലെ കാര്യങ്ങള്‍ ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വലിയ പ്രതിഷേധങ്ങളാണ് സുപ്രീംകോടതി വിധിയ്‌ക്കെതിരെ കേരളത്തില്‍ ഹിന്ദു സംഘടനകള്‍ നടത്തുന്നത്.
ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ നടത്തിയ റോഡ് ഉപരോധത്തിനിടെ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ നടത്തിയ റാലിക്കിടയില്‍ റോഡിന്റെ ഒരു വശത്തു കൂടെ വാഹനങ്ങള്‍ പോകാന്‍ അനുവദിക്കണം എന്ന് പൊലീസ് ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പൊലീസിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സമരക്കാര്‍ അറിയിച്ചതോടെ ഇവരെ ബലം പ്രയോഗിച്ച് നീക്കാന്‍ പൊലീസ് ശ്രമിച്ചു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.
ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയത്. ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ തടയില്ലെന്നും കോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ഉരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.