തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ പൊലീസിനെതിരെ ബിജെപി രംഗത്ത്. ശബരിമല കയറാന്‍ എത്തിയ യുവതികള്‍ക്ക് പൊലീസ് യൂണിഫോം നല്‍കിയ നടപടിയെയാണ് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വിമര്‍ശിച്ചിരിക്കുന്നത്. യുവതികള്‍ക്ക് ഹെല്‍മറ്റും യൂണിഫോമും നല്‍കിയത് നിയമ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മലകയറാനെത്തിയ യുവതികള്‍ മടങ്ങാന്‍ ഒരുങ്ങി. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് എറണാകുളം സ്വദേശി കവിതയും, ആന്ധ്രാപ്രദേശ് സ്വദേശി രഹ്ന ഫാത്തിമയും മലകയറാതെ മടങ്ങിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് യുവതികള്‍ നടപ്പന്തല്‍ വരെ എത്തിയത്. എന്നാല്‍ യാത്ര തുടരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അവര്‍ തന്നെയാണ് മടങ്ങുകയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ശബരിമലയില്‍ ആചാരം ലംഘിച്ച് സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടയ്‌ക്കേണ്ടി വരുമെന്ന് പന്തളം കൊട്ടാരം അറിയിച്ചിരുന്നു. ഭക്തരായിട്ടുള്ള ആളുകള്‍ വന്നാല്‍ സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ടെന്നും എന്നാല്‍ ആക്ടിവിസ്റ്റുകളായിട്ടുള്ളവര്‍ സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചുവെന്നാണ് മനസിലാക്കുന്നതെന്നും ആക്ടിവിസ്റ്റുകള്‍ സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇടപെടുന്നത് എന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
ജാഗ്രത പാലിക്കണം, പ്രശ്‌നങ്ങള്‍ വഷളാക്കാന്‍ പൊലീസ് കൂട്ടുനില്‍ക്കരുത്. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കുവാനുള്ള വേദിയായി ശബരിമലയെ മാറ്റരുത് എന്നും ദേവസ്വം മന്ത്രി വ്യക്തമാക്കിയിരുന്നു.
പൊലീസ് സുരക്ഷയില്‍ വലിയ നടപന്തലില്‍ വലിയ പ്രതിഷേധമാണ് ഭക്തരുടെ ഭാഗത്ത് നിന്നുമുണ്ടായത്. തങ്ങളുടെ നെഞ്ചില്‍ ചവിട്ടി മാത്രമെ സന്നിധാനത്തേക്ക് കടക്കാനാവു എന്ന നിലപാടാണ് പ്രതിഷേധക്കാര്‍ സ്വീകരിക്കുന്നത്. ഐജി ശ്രീജിത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. സ്ഥിതിഗതികള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുത് എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഐജി ശ്രീജിത്തിന് നിര്‍ദേശം നല്‍കിയെന്നാണ് സൂചന.