പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ യുവതി പിന്‍മാറില്ലെന്ന് അറിയിച്ചു. എന്നാല്‍ മലകയറാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
സന്നിധാനത്തേയ്ക്ക് പോകണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് യുവതി. അതിനാല്‍ പൊലീസ് സുരക്ഷയില്‍ സന്നിധാനത്തേയ്ക്ക് യുവതിയെ കൊണ്ടു പോകുമെന്നാണ് സൂചന.
കൊല്ലം കരുനാഗപ്പള്ളി സ്വദേശി മഞ്ജുവാണ് പമ്പയില്‍ എത്തിയതായി സൂചന ലഭിച്ചിരിക്കുന്നത്. കേരള ദളിത് മഹിളാ ഫെഡറേഷന്റെ നേതാവാണ് ഇവര്‍. ഐജി മനോജ് എബ്രഹാം, ഐജി എസ്.ശ്രീജിത്ത്, എഡിജിപി അനില്‍ കാന്ത് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പമ്പയില്‍ എത്തിയിട്ടുണ്ട്. യുവതിയുമായി ഉന്നത ഉദ്യോഗസ്ഥര്‍ സംസാരിച്ചിരുന്നു.
ഇതിനിടെ, ഇന്ന് രാവിലെ യുവതി ശബരിമലയില്‍ പ്രവേശിച്ചുവെന്ന സംശയത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ 50 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീയാണ് പ്രവേശിച്ചതെന്ന് പൊലീസ് പിന്നീട് അറിയിച്ചു. തമിഴ്‌നാട് സ്വദേശി ലതയാണ് ശബരിമലയില്‍ എത്തിയത്. ഇവരെ തടയുവാന്‍ സമരക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് സുരക്ഷയില്‍ സ്ത്രീയും കുടുംബവും ശബരിമലയില്‍ ദര്‍ശനം നടത്തി.
ശരണം വിളികളുമായിട്ടായിരുന്നു നടപ്പന്തലില്‍ സമരക്കാര്‍ പ്രതിഷേധം നടത്തിയത്. തനിക്കു 55 വയസുണ്ടെന്ന് തീര്‍ത്ഥാടക പറഞ്ഞെങ്കിലും സമരക്കാര്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.
അതേസമയം, ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞിരുന്നു. നട അടച്ചിടാന്‍ തന്ത്രിയ്ക്ക് അവകാശമുണ്ടെന്ന് മേല്‍ ശാന്തിയും വ്യക്തമാക്കിയിരുന്നു.