ശബരിമല സ്ത്രീ പ്രവേശം; വിധി കൃത്യം, 28 വര്‍ഷത്തെ ചോദ്യങ്ങള്‍ക്ക് മറുപടി

ന്യൂഡല്‍ഹി: 28 വര്‍ഷമാണ് ശബരിമല സ്ത്രീ പ്രവേശനം കോടതി കയറി ഇറങ്ങുന്നത്. 1990ലെ കുട്ടിയുടെ ചോറൂണ് പ്രശ്‌നത്തില്‍ തുടങ്ങിയതാണ് ശബരിമല വിഷയം. ദേവസ്വം കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് വച്ച് നടത്തുന്നതിന്റെ ചിത്രം 1990 ഓഗസ്റ്റ് 19ന് ഒരു ദിനപ്പത്രത്തില്‍ അച്ചടിച്ചു വന്നു. ചങ്ങനാശ്ശേരി സ്വദേശിയായ എസ് മഹേന്ദ്രന്‍ ഈ ചിത്രം ഉള്‍പ്പെടുത്തി കേരള ഹൈക്കോടതിയ്ക്ക് അതേ വര്‍ഷം സെപ്തംബര്‍ 24ന് ഒരു പരാതി അയച്ചു. പിന്നീട് ഈ പരാതി റിട്ട് ഹര്‍ജിയായി പരിഗണിക്കുകയും 1991ല്‍ ഇതില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചു കൊണ്ട് ഹൈക്കോടതി വിധി വരികയും ചെയ്തു. സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരങ്ങള്‍ക്ക് എതിരാണെന്നും അത് ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിധി.

2006ലാണ് വീണ്ടും രംഗം സജീവമാകുന്നത്. യങ് ലോയേഴ്‌സ് അസ്സോസിയേഷന്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. 12 വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഇതിന്റെ നിര്‍ണ്ണായക വിധി വന്നിരിക്കുന്നത്. കേസില്‍ ഭരണാഘടനാപരമായ ചോദ്യങ്ങളുണ്ടെന്ന് സുപ്രീംകോടതി കണ്ടെത്തി. 5 ചോദ്യങ്ങളോടെ ദീപക് മിശ്ര കേസ് ഭരണഘടനാ ബഞ്ചിന് വിട്ടു.

supreme-court

supreme-court

അയ്യപ്പക്ഷേത്രത്തിന് ഒരു മതവിഭാഗമെന്ന സ്വഭാവമുണ്ടോ? ഉണ്ടെങ്കില്‍, നിയമപരമായി രൂപീകരിക്കപ്പെട്ട ബോര്‍ഡിനാല്‍ ഭരിക്കപ്പെടുന്നതും, കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സഞ്ചിതനിധിയില്‍നിന്നു പണം ലഭിക്കുന്ന ‘മതവിഭാഗ’ത്തിന് 14,15(3), 39എ), 51എ(ഇ) വകുപ്പുകളില്‍ പറയുന്ന ഭരണഘടനാ തത്വങ്ങളും ധാര്‍മികതയും ലംഘിക്കാമോ?

കേരള ഹിന്ദു പൊതു ആരാധന സ്ഥല (പ്രവേശനാനുമതി) ചട്ടങ്ങളിലെ മൂന്നാം വകുപ്പ് 10നും 50നുമിടയ്ക്കു പ്രായമുള്ള സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കാന്‍ മതവിഭാഗത്തെ അനുവദിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതു ലിംഗാടിസ്ഥാനത്തിലുള്ള നടപടിയായതിനാല്‍ ഭരണഘടനയുടെ 14,15(3) വകുപ്പുകള്‍ക്കു വിരുദ്ധമാവില്ലേ?

ഭരണഘടനയുടെ 25-ാം വകുപ്പിന്റെ അടിസ്ഥാനത്തില്‍, സ്ത്രീകളെ ഒഴിവാക്കുന്നത് ശരിയായ മതാചാരമോ? മതപരമായ കാര്യങ്ങളിലെ സ്വയംനിര്‍ണയാവകാശത്തിന്റെ പേരില്‍ ഒരു മതസ്ഥാപനത്തിന് ഇത്തരമൊരു അവകാശമുന്നയിക്കാമോ?

കേരള ഹിന്ദു പൊതു ആരാധനാ സ്ഥല (പ്രവേശനാനുമതി) നിയമത്തിനു വിരുദ്ധമാണോ ഇതിന്റെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങളിലെ 3(ബി) വകുപ്പ്?

ജീവശാസ്ത്രപരമായ കാരണങ്ങളാല്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നത് വേര്‍തിരിവാണോ? ആണെങ്കില്‍ ഭരണഘടനയിലെ 14,15,17 വകുപ്പുകളുടെ ലംഘനമാണോ? ഭരണഘടനയുടെ 25,26 വകുപ്പുകളില്‍ പറയുന്ന ‘ധാര്‍മികത’ എന്നതിന്റെ സംരക്ഷണം ഇതിനു ലഭിക്കുമോ?

ഈ അഞ്ച് കാര്യങ്ങളാണ് കോടതി പ്രധാനമായും വിധി പ്രസ്ഥാവത്തിന് വേണ്ടി പരിഗണിച്ചത്.
ഇതിനെല്ലാം കൃത്യമായി മറുപടി നല്‍കിക്കൊണ്ടാണ് ഇന്നത്തെ വിധി വന്നിരിക്കുന്നത്.

deepak misra

ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നിരീക്ഷിച്ചു. സ്ത്രീകളെ തരംതാഴ്ത്തുന്ന വിശ്വാസങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ കോടതിക്കു സാധിക്കില്ല. മതനിയമങ്ങള്‍ വച്ചു പുലര്‍ത്താന്‍ മതങ്ങള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഏതു രീതിയിലുള്ള മതനിയമങ്ങളും ഭരണഘടനയുമായി യോജിച്ചു പോകുന്നതായിരിക്കണമെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി. അയ്യപ്പ വിശ്വാസികള്‍ പ്രത്യേക സമുദായക്കാരല്ലെന്നും വിധിപ്രസ്ഥാവത്തില്‍ പറഞ്ഞു.

കേസ് നടക്കുന്ന കാലയളവില്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് നിലപാടില്‍ മലക്കം മറയേണ്ടി വന്നിട്ടുണ്ട്. ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം പിന്തുണച്ച് എല്‍ഡിഎഫ് സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ എത്തിയത്. സര്‍ക്കാര്‍ നിലപാടു മാറ്റുന്നതു നാലാം തവണയല്ലേയെന്നു കോടതി ചോദിച്ചു. ഭരണം മാറിയപ്പോള്‍ നിലപാടിലും മാറ്റമുണ്ടായെന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ബോധിപ്പിച്ചു. ക്ഷേത്ര പ്രവേശനത്തില്‍ ആര്‍ത്തവകാലത്ത് സ്ത്രീകളെ വിലക്കുന്ന ചട്ടം 3 ബി റദ്ദാക്കുന്നതിന് പകരം സ്ത്രീകള്‍ക്കെതിരെയുള്ള ഭാഗം ഒഴിവാക്കി മാറ്റിവായിച്ചാല്‍ മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്നും അതിനാല്‍ നിലവിലെ ആചാരം സ്ത്രീ വിരുദ്ധമല്ലെന്നുമായിരുന്നു എന്‍എസ്എസിന്റെ വാദം. പന്തളം രാജകുടുംബവും സ്ത്രീ പ്രവേശനത്തെ എതിര്‍ത്തിരുന്നു.

ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം, അയ്യപ്പ ക്ഷേത്രം എന്നിവ രണ്ട് രീതിയിലും ആചാരങ്ങളിലും ഉപയോഗിക്കപ്പെടുന്നതിനാല്‍ ‘ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം’ എന്ന പേര് ‘ശബരിമല അയപ്പസ്വാമി ക്ഷേത്രം’ എന്നാക്കാന്‍ നീക്കമുണ്ടായിരുന്നു.

Top