പ്രളയത്തിനു കാരണം അയ്യപ്പ കോപമെന്ന് . . ഗുരുമൂർത്തിയുടെ പ്രസ്താവന വിവാദമായി !

S GURUMOORTHY

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കുവാന്‍ അനുമതി കൊടുക്കുവാനുള്ള നീക്കമാണ് കേരളത്തിലെ പ്രളയത്തിന് കാരണമെന്ന റിസര്‍വ് ബാങ്കിന്റെ (ആര്‍.ബി.ഐ) പാര്‍ട്ട് ടൈം ഡയറക്ടര്‍ എസ് ഗുരുമൂര്‍ത്തിയുടെ പ്രതികരണം വിവാദമായി.

ഉന്നത സ്ഥാനം അലങ്കരിച്ച ഗുരുമൂര്‍ത്തിയുടെ നിലപാടിനെ ഒരു വിഭാഗം വിശ്വാസികള്‍ പിന്തുണക്കുമ്പോള്‍ മറ്റു ചിലര്‍ രൂക്ഷമായ എതിര്‍പ്പുമായാണ് രംഗത്ത് വന്നിരിക്കുന്നത്. ഈ പ്രസ്താവന അരാജകത്വമെന്ന് സി.എന്‍.ബി.സി എക്‌സിക്യുട്ടീവ് എഡിറ്റര്‍ ലത വെങ്കിടേഷ് അഭിപ്രായപ്പെട്ടു. കേരളം ദുരിതത്തില്‍ മുങ്ങുമ്പോള്‍ തികച്ചും ബാലിശമായ ഇത്തരം പ്രസ്താവനകളെ പ്രോത്സാഹിപ്പിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

ശബരിമലയില്‍ കാലങ്ങളായി പിന്തുടരുന്ന രീതി പൊളിച്ചടുക്കി എല്ലാ വിഭാഗം സ്ത്രീകള്‍ക്കും പ്രവേശനം സാധ്യമാക്കാനുള്ള നീക്കത്തെ ആയിരുന്നു സംസ്ഥാന സര്‍ക്കാറും പിന്തുണച്ചിരുന്നത്. സുപ്രീം കോടതിയുടെ ചില നിരീക്ഷണങ്ങള്‍ വിലയിരുത്തിയ നിയമ വിദഗ്ദര്‍ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ വിധിക്ക് സാധ്യതയുണ്ടെന്ന് പറയുകയുമുണ്ടായി.

S GURUMOORTHY

വിശ്വാസികളെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തിയ കാര്യമായി ഇത് നിലനില്‍ക്കെയാണ് അപ്രതീക്ഷിതമായി പമ്പയടക്കം സംസ്ഥാനത്തെ നദികളും കായലുകളും ഡാമുകളും നിറഞ്ഞ് കവിഞ്ഞ് ലക്ഷക്കണക്കിന് ആളുകളെ കെടുതിയിലാക്കിയത്.

അയ്യപ്പന്‍ ശബരിമല വിട്ട് പോയി എന്ന പ്രചരണം വരെ വിശ്വാസികള്‍ക്കിടയില്‍ പ്രചരിച്ചു. ‘തന്നെ കാണാന്‍ ഇനി ആരും വരേണ്ടതില്ലെന്ന സ്വാമിയുടെ നിലപാടാണ്’ സന്നിധാനം ഒഴികെ മറ്റെല്ലാം മുങ്ങുന്നതില്‍ കലാശിച്ചതെന്നും ഈ വിഭാഗം വാദിക്കുന്നു. ഇത്തരം പ്രചരണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഗുരുമൂര്‍ത്തിയെ പോലെ ഉന്നത സ്ഥാനം അലങ്കരിക്കുന്ന ഒരു വ്യക്തിയുടെ നിലപാട്.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ വാദങ്ങള്‍. . .

ശബരിമലയിലേയ്ക്ക് പോകുന്നതിന് മുന്‍പ് അനുഷ്ഠിക്കേണ്ട വ്രതനിഷ്ഠകളെക്കുറിച്ച് യോഗശാസ്ത്രത്തില്‍ വ്യക്തമായി പറയുന്നുണ്ട്. വ്രതനിഷ്ഠയില്‍ പ്രധാനം ബ്രഹ്മചര്യമാണ്. ( സ്മരണം, കീര്‍ത്തനം, കേളി, പ്രേക്ഷണം, ഗുഹ്യഭാഷണം, സങ്കല്‌പോദ്ധ്യവസായശ്ച ക്രിയ നിര്‍വൃത്തി രേവച ഏതന്‍ മൈഥുനം അഷ്ടാംഗം പ്രവദന്തതി മനീഷിണ: ) എന്നാണ് യോഗശാസ്ത്രം പറയുന്നത്. സ്ത്രീ പുരുഷ സംഗമം മാത്രമല്ല, ഓര്‍മ്മ, കീര്‍ത്തിക്കല്‍, സംസാരം തുടങ്ങി എട്ട് കാര്യങ്ങളും ബ്രഹ്മചര്യം അനുഷ്ഠിക്കുന്നതിന് വര്‍ജ്ജിക്കേണ്ടതാണെന്നാണ് ശാസ്ത്രം വ്യക്തമാക്കുന്നത്.

പലരുടെയും ധാരണയനുസരിച്ച് അഷ്ടാംഗത്തില്‍ എട്ടമാത്തേതായ സ്ത്രീപുരുഷ സംഗമം മാത്രം ഉപേക്ഷിച്ചാല്‍ ബ്രഹ്മചര്യം ആയി എന്നാണ്, എട്ടാമത്തേത് മാത്രമല്ല, അതിനു മുന്നേ യോഗശാസ്ത്രം പറയുന്ന ഏഴ് കാര്യങ്ങള്‍ നിര്‍ബന്ധമായും ഉപേക്ഷിക്കുക തന്നെ വേണം. ഇതാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കരുത് എന്നതിന് പിന്നിലെ പ്രധാന കാരണം.

പുണ്യഭൂമിയായ ശബരിമലയിലെ പവിത്രമായ പതിനെട്ടാം പടിയില്‍ പാദസ്പര്‍ശം നടത്താന്‍ ബ്രഹ്മചര്യം നിര്‍ബന്ധമാണ്. ബ്രഹ്മചര്യം അനുഷ്ഠിക്കുന്നതിലൂടെയാണ് ഭക്തര്‍ ഭഗവാനിലേക്ക് എത്തുക. അയ്യപ്പഭക്തര്‍ അദ്വൈതാനുഭൂതി ലഭിച്ചവരെ പോലെയാണ്. എവിടെയും ഈശ്വരചൈതന്യം ദര്‍ശിക്കുന്നു. യഥാര്‍ത്ഥമായ ഈ അവസ്ഥയിലേക്ക് എത്തിച്ചേരാനും യോഗശാസ്ത്രം പറയുന്ന ബ്രഹ്മചര്യനിഷ്ഠ കര്‍ശനമായി പാലിക്കേണ്ടതാണ്.

SABARIMALA

സത്യം, ബ്രഹ്മചര്യം, ആസ്‌തേയം, അപരിഗ്രഹം, അഹിംസ, എന്നിവയും കൃത്യമായി പാലിച്ചു തന്നെ വേണം ശബരിമലദര്‍ശനം നടത്തുവാന്‍. ചാന്ദോഗ്യോപനിഷത്തിലെ മഹാവാക്യമാണ് ‘ തത്ത്വമസി ‘, തത്+ത്വം+അസി , ‘അതു തന്നെയാണ് നീ’ എന്നര്‍ത്ഥം. വിശദീകരിച്ചാല്‍. ‘ഈ ബ്രഹ്മാണ്ഡകടാഹത്തിന്റെ എല്ലാം അന്തര്യാമിയായി സ്ഥിതിചെയ്യുന്നത് എന്താണോ അതുതന്നെയാണ് നീ’. അതുകൊണ്ടാണ് അയ്യപ്പഭക്തരെ അയ്യപ്പന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നത്.

ഈ വ്രതാനുഷ്ഠാനങ്ങള്‍ ജീവിതചര്യയാക്കി മാറ്റാനുള്ള ചുവടു വെയ്പ്പായി ശബരിമല വ്രതാനുഷ്ഠാനക്കാലത്തെ കാണേണ്ടതുമാണ്. ശാസ്താവിന്റെ നാല് ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന നാല് ക്ഷേത്രങ്ങളാണ്, ശബരിമല, കുളത്തുപ്പുഴ , അച്ചന്‍കോവില്‍, ആര്യങ്കാവ് ക്ഷേത്രങ്ങള്‍.

ശാസ്താവിന്റെ ബാല്യ, ഗ്രഹസ്ഥ, വാര്‍ദ്ധക്യ രൂപങ്ങളെയാണ് മറ്റ് മൂന്ന് ക്ഷേത്രങ്ങളില്‍ ആരാധിച്ചു പോരുന്നത്. ഈ ക്ഷേത്രങ്ങളില്‍ മൂന്നിലും സ്ത്രീ പ്രവേശനം അനുവദനീയമാണ്. എന്നാല്‍ ശബരിമലയില്‍ കുടികൊളളുന്നത് നാലാം ഭാവമായ ബ്രഹ്മചര്യമാണ്. യുവതീ സാമിപ്യം തീരെ ഇഷ്ട്ടപ്പെടാത്ത നൈഷ്ഠിക ബ്രഹ്മ്മചര്യം അനുഷ്ഠിക്കുന്ന ശ്രീ ധര്‍മ്മശാസ്താവാണ് മൂര്‍ത്തിയായി ശബരിമലയിലുളളത്. മറ്റു മൂന്ന് ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ രജസ്വലയാണോ എന്ന് പരിശോധിച്ചല്ല കയറ്റിവിടുന്നത്. ആര്‍ക്കുവേണേലും ക്ഷേത്രത്തില്‍ കയറാം. എന്നാല്‍ ശബരിമലയിലേത് മൂര്‍ത്തി സങ്കല്‍പ്പമാണ്. ഇവിടെ മൂര്‍ത്തീഭാവം നിത്യബ്രഹ്മചാരിയാണ്.

Top