ശബരിമല സ്ത്രീ പ്രവേശനം കോടതി വിധി ഏറ്റവും മികച്ചതെന്ന് കമല്‍ഹാസന്‍

kamal-haasan

ചെന്നൈ: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. ആരാധനയ്ക്ക് സ്ത്രീകള്‍ക്കും പുരുഷനുമുള്ള പ്രത്യേക സംവിധാനം എടുത്തുകളഞ്ഞ കോടതി വിധി ഏറ്റവും മികച്ചതാണ്. ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുകതന്നെ വേണമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയുള്ള സുപ്രീംകോടതി വിധി ഇന്നായിരുന്നു. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്. ഭൂരിപക്ഷ വിധിയോട് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിപ്പ് പ്രകടിപ്പിച്ചു.

ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ പറഞ്ഞു. സ്ത്രീ പുരുഷന് താഴെയല്ലെന്നും വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്നും മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിലാണെന്നും ശാരീരിക അവസ്ഥയുടെ പേരില്‍ വിവേചനം പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആര്‍ത്തവസമയത്തും സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നും വിധിയില്‍ പറയുന്നു. സുപ്രീംകോടതിയുടെ വിധി നടപ്പാക്കുമെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു.

Top