തിരുവനന്തപുരം: ശബരിമലയില്‍ തിരക്കിട്ട് വിധി നടപ്പാക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഉമ്മന്‍ ചാണ്ടി. പുനപരിശോധനാ ഹര്‍ജിയുടെ സാധ്യതകള്‍ വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ദര്‍ശനത്തിന് ഡിജിറ്റല്‍ ബുക്കിംഗ് ഏര്‍പ്പെടുത്തുമെന്നും പമ്പ-സന്നിധാനം പാതയില്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് ഒരുക്കുമെന്നും കൂടുതല്‍ വനിതാ പൊലീസുകാരെ സന്നിധാനത്ത് നിയമിക്കുമെന്നുമാണ് മന്ത്രി അറിയിച്ചത്.
അതിനിടെ സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുന്നതിനുള്ള സാധ്യത തേടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത് വിവാദമായിരുന്നു.
നിലവില്‍ ശരാശരി ഒന്നരക്കോടിപ്പേരാണ് സീസണില്‍ ശബരിമല തീര്‍ഥാടനത്തിനായി എത്തുന്നത്. തീര്‍ഥാടനകാലത്ത് സുരക്ഷാ കാര്യങ്ങളും വിപുലപ്പെടുത്തേണ്ടി വരും. ഭക്തര്‍ക്ക് വിരിവയ്ക്കാനുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വേണ്ടിവരും.പുതിയ സാഹചര്യത്തില്‍ സന്നിധാനത്ത് കൂടുതല്‍ വനഭൂമി ചോദിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
കേരളത്തിനുള്ളില്‍ നിന്ന് എത്ര സ്ത്രീകള്‍ എത്തുമെന്നതിനെ സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ക്ഷേത്ര പ്രവേശനത്തെ സംബന്ധിച്ച് സ്ത്രീകള്‍ക്കിടയില്‍ തന്നെ വ്യത്യസ്ത അഭിപ്രായം ഉള്ളതിനാല്‍ കണക്കെടുപ്പ് ഈ ഘട്ടത്തില്‍ സാധ്യമല്ല. 2011 ലെ സെന്‍സസ് അനുസരിച്ച് 1,73,78,649 സ്ത്രീകളാണ് കേരളത്തിലുള്ളത്. ഇതിന്റെ രണ്ടു ശതമാനം കണക്കാക്കിയാല്‍പോലും 3,47,572 സ്ത്രീകള്‍ ശബരിമലയിലെത്താം. ഇതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കേണ്ടിവരും.