തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതിന്റെ ഭാഗമായി ഇന്ന് യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തും.
ആചാര അനുഷ്ഠാനങ്ങള്‍ വിലയിരുത്തിയാണ് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുക എന്ന് ദേവസ്വം പ്രസിഡന്റ് എന്‍.വാസു നേരത്തെ പറഞ്ഞിരുന്നു. മാത്രമല്ല ദേവസ്വം ബോര്‍ഡിന് സ്വന്തമായി തീരുമാനം എടുക്കാമെന്നും സര്‍ക്കാര്‍ കൈകടത്തില്ലെന്നും കഴിഞ്ഞദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ഇന്ന് വൈകീട്ട് ചേരുന്ന യോഗത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടാകാനാണ് സാധ്യത. സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുള്ള മുന്‍ നിലപാടില്‍ മാറ്റം വരുത്താനാണ് ശ്രമം എന്നാണ് ലഭിക്കുന്ന വിവരം.
യുവതീപ്രവേശനത്തില്‍ ഉറച്ചുനിന്ന സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇപ്പോള്‍ പിന്നോട്ട് പോകുകയാണ്. കേസുകള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിന് പിന്നാലെ നിലപാട് മാറ്റം വ്യക്തമാക്കുകയാണ് സര്‍ക്കാറും ബോര്‍ഡും. കേസില്‍ ആരുടെയൊക്കെ വാദം കേള്‍ക്കണമെന്ന് 13ന് കോടതി തീരുമാനിക്കാനിരിക്കെയാണ് നിര്‍ണ്ണായകമായ നീക്കങ്ങള്‍.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ എ പത്മകുമാര്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് യുവതീപ്രവേശന വിധിയെ അനുകൂലിക്കുന്ന നിലപാടാണ് കോടതിയിലെടുത്തത്. റിവ്യു ഹര്‍ജി കൊടുക്കാന്‍ വിസമ്മതിച്ച ബോര്‍ഡ് നല്‍കിയിരുന്നത് വിധി നടപ്പാക്കാനുള്ള സാവകാശഹര്‍ജി ആയിരുന്നു. എന്നാല്‍, എന്‍ വാസുവിന്റെ നേതൃത്വത്തിലെ പുതിയ ബോര്‍ഡ് നിലപാട് മാറ്റത്തിനൊരുങ്ങുകയാണ്.