ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതി വിധി സുപ്രധാനമെന്ന് കെ സുധാകരന്‍

k SUDHAKARAN

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി സുപ്രധാനമെന്ന് മന്ത്രി കെ സുധാകരന്‍. വിധിയെ സ്വാഗതം ചെയ്യുന്നതായും ഭാരത സമൂഹത്തോടും സ്ത്രീ സമൂഹത്തോടും കാണിച്ച നീതിയാണ് സുപ്രീംകോടതിയുടെ വിധിയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശന അനുമതി നല്‍കിയ സുപ്രീംകോടതി വിധി ചരിത്രപരമായ വിധിയാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അംഗീകരിക്കുവാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.

പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്.

ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ പറഞ്ഞു. സ്ത്രീ പുരുഷന് താഴെയല്ലെന്നും വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്നും മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിലാണെന്നും ശാരീരിക അവസ്ഥയുടെ പേരില്‍ വിവേചനം പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ആര്‍ത്തവസമയത്തും സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നും വിധിയില്‍ പറയുന്നു. സുപ്രീംകോടതിയുടെ വിധി നടപ്പാക്കുമെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു.

Top