ശബരിമലയിൽ സർക്കാർ നേരിട്ട് ഇടപെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ കോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെയും ദേവസ്വംബോര്‍ഡിന്റെയും നിലപാട് നിര്‍ഭാഗ്യകരമെന്ന് എന്‍എസ്എസും അറിയിച്ചിരുന്നു. സ്ത്രീകളുടെ പ്രാര്‍ത്ഥനയുടെ ഗൗരവം ഉള്‍ക്കൊള്ളുവാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ലെന്നും ഇനി എന്തു ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണെന്നും എന്‍എസ്എസ് വ്യക്തമാക്കിയിരുന്നു.

ശബരിമലയില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ശബരിമല വിധി പുന:പരിശോധിക്കുവാന്‍ ഉടന്‍ ഹര്‍ജി നല്‍കില്ലെന്നാണ് ദേവസ്വംബോര്‍ഡ് അറിയിച്ചത്.

ശബരിമലയെ യുദ്ധക്കളമാക്കരുതെന്ന് പറഞ്ഞ കൊട്ടാരം പ്രതിനിധികള്‍ ചര്‍ച്ച ബഹിഷ്‌ക്കരിച്ച് തിരികെ പോയി. മുഖ്യമന്ത്രിയുമായി ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തും. 19ന് ചേരുന്ന യോഗത്തിലേ തീരുമാനം ഉണ്ടാകൂ എന്നാണ് ദേവസ്വംബോര്‍ഡ് അറിയിച്ചത്.

ശബരിമലയിലേയ്ക്ക് എത്തുന്ന എല്ലാ യുവതികളുടെയും സുരക്ഷ സംബന്ധിച്ച് ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് അറിയിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ അവര്‍ക്ക് നല്‍കേണ്ട സുരക്ഷയുടെ കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്നും ആര്‍എസ്എസും ബിജെപിയും ആണ് യുവതികളെ തടയുന്നതെന്നും അവര്‍ ഗുണ്ടായിസമാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ക്രമസമാധാന പ്രശ്‌നത്തിലേയ്ക്ക് കടന്നാല്‍ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

Top