തിരുവനന്തപുരം: സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ പട്ടികയിലെ പിഴവിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. എഡിജിപി അനില്‍കാന്തിനോട് പട്ടികയിലെ പിഴവ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടിക അബദ്ധമായതോടെ പൊലീസും നിയമവകുപ്പും പരസ്പരം പഴിചാരുന്നതിനിടെയാണ് ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
കോടതിയില്‍ നേരിട്ട് നല്‍കാനല്ല ലിസ്റ്റ് കൊടുത്തതെന്നും ബിന്ദുവും കനക ദുര്‍ഗയും അല്ലാതെ മറ്റാരെങ്കിലും കയറിയോ എന്ന ചോദ്യം കോടതി ഉന്നയിച്ചാല്‍ മാത്രം നല്‍കാനായിരുന്നു പട്ടികയെന്നും പൊലീസ് വ്യക്തമാക്കി. വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ നല്‍കിയ വിവരങ്ങള്‍ എന്ന് വ്യക്തമാക്കിയാണ് പട്ടിക നല്‍കിയതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടപ്പോള്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ശ്രമിക്കാതെ യുവതികളുടെ പട്ടിക പ്രിന്റെടുത്ത് നല്‍കുകയായിരുന്നു. പട്ടികയിലെ തെറ്റുകള്‍ കോടതി അലക്ഷ്യമാകുമോയെന്ന ആശങ്കയില്‍ പൊലീസ് നിയമോപദേശം തേടുകയും ചെയ്തു. എന്നാല്‍ പിഴവുണ്ടെങ്കില്‍ തീര്‍ത്ഥാടകര്‍ നല്‍കിയ വിവരങ്ങളില്‍ തെറ്റ് സംഭവിച്ചതാണെന്നാണ് പൊലീസിന്റെ വിശദീകരണം.
അതേസമയം പട്ടിക പുനഃപരിശോധിച്ച് വീണ്ടും നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിനും നിയമവകുപ്പിനും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കും.
അപേക്ഷയിലെ പ്രായവും ജനനതീയതിയും നേരത്തെ ഒത്തുനോക്കിയിരുന്നില്ല. പൊലീസിന്റെ തിടുക്കം പട്ടികയില്‍ തെറ്റുകള്‍ കടന്ന് കൂടാന്‍ കാരണമായതായി വിലയിരുത്തുന്നു.