51 യുവതികള്‍ മല കയറിയെന്ന പട്ടിക കൊടുത്തവന്‍ ആന മണ്ടന്‍: സര്‍ക്കാരിനെതിരെ രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ മല കയറിയെന്ന സംസ്ഥാനസര്‍ക്കാര്‍ വാദം കള്ളത്തരമാണെന്ന് അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. എന്തൊരു കള്ളമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറയുന്നതെന്ന് ഇത്തരത്തില്‍ സര്‍ക്കാര്‍ കള്ളം പറയുന്നതിനല്ലേ ഫാസിസത്തിന്റെ കുളമ്പടി ശബ്ദമെന്ന് പറയേണ്ടതെന്നും രാഹുല്‍ പറഞ്ഞു.

സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കുന്ന രേഖ എന്നു പറയുന്നത് സത്യവാങ്മൂലത്തിന് തുല്യമാണ്. ഈ പട്ടിക കൊടുത്തവന്‍ ആന മണ്ടനാണ്. മൊബൈല്‍ നമ്പര്‍ അടക്കമാണ് പട്ടിക കൊടുത്തിരിക്കുന്നത്. പട്ടികയില്‍ ഉള്ളവരുമായി ബന്ധപ്പെട്ടപ്പോള്‍ പലരും അമ്പത് വയസ് കഴിഞ്ഞവരും ചിലര്‍ ശബരിമലയ്ക്ക് പോയിട്ടില്ലാത്തവര്‍ കൂടിയാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ബോധപൂര്‍വ്വം കള്ളത്തരം പറയുകയാണ്. ശ്രീലങ്കന്‍ യുവതിയുടെ കാര്യത്തില്‍ പിണറായി വിജയന് തെറ്റു പറ്റിയതാവാമെന്നാണ് പലരും പറഞ്ഞത് എന്നാല്‍ സുപ്രീം കോടതിയില്‍ ഇന്ന് നടന്നത് അങ്ങനെയല്ല. പട്ടിക തയ്യാറാക്കിയത് പിണറായി വിജയന്‍ അല്ലായിരിക്കാം. പക്ഷേ മുഖ്യമന്ത്രിക്ക് ആ പട്ടികയെക്കുറിച്ച് അറിവില്ലാതിരിക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

Top