തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ എന്‍എസ്എസ് രംഗത്ത്. വിശ്വാസികള്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്നത് അടിയന്തിരാവസ്ഥയ്ക്കു തുല്യമായ നിലാപടാണെന്ന് എന്‍എസ്എസ് പറഞ്ഞു.
സര്‍ക്കാര്‍ നിലപാട് അധാര്‍മ്മികവും ജനാധിപത്യവിരുദ്ധവുമാണ്. ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനിന്നു വരുന്ന വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സ്വീകരിച്ചത്. എന്നാല്‍ വിശ്വാസവും ആചാരവും സംരക്ഷിക്കാനുള്ള ഭരണാഘടനാപരമായ അവകാശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റിവ്യൂഹര്‍ജി ഫയല്‍ ചെയ്യുന്നതിനോ കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തുന്നതിനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് എന്‍എസ്എസ് നിലപാട്.
പന്തളകൊട്ടാരത്തെയും അവകാശികളെയും തന്ത്രിമാരെയും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന രീതി ശരിയല്ലെന്നും വിശ്വാസികളുടെ മനസ്സിനാണ് മുറിവേറ്റതെന്നും എന്‍എസ്എസ് വാര്‍ത്താക്കുറിപ്പിലൂടെ സൂചിപ്പിക്കുന്നു. ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടിയുണ്ടാകാന്‍ പാടില്ലെന്ന പറയുന്ന കുറിപ്പില്‍ വിശ്വാസികള്‍ക്കൊപ്പമാണ് എന്‍എസ്എസ് നിലപാടെന്നും വിശദീകരിക്കുന്നു. നിയമപരമായ രീതിയിലും സമാധാനപരമായ മാര്‍ഗത്തിലും വിഷയത്തില്‍ പ്രതികരിക്കാനാനും ആണ് എന്‍എസ്എസ് തീരുമാനം.
അതേസമയം, ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു വ്യാപകമായ റെയ്ഡും അറസ്റ്റും നടന്നിട്ടുണ്ട്. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍, കാനനപാത എന്നിവിടങ്ങളില്‍ അക്രമം നടത്തുകയും സുപ്രീംകോടതി വിധി അട്ടിമറിച്ചു യുവതികളെ തടയാന്‍ ശ്രമിക്കുകയും ചെയ്ത 2,061 പേരെ വിവിധ ജില്ലകളില്‍ നിന്നായി ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തു.
452 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1,500 പേരെ ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ ദിവസം 1407 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.