ശബരിമല യുവതീപ്രവേശനം; വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

ശബരിമല വിഷയത്തില്‍ വിധി നടപ്പാക്കുന്ന ജനുവരി 22 വരെ യുവതീ പ്രവേശനം സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജി. അയ്യപ്പ ഭക്തന്‍മാരുടെ സംഘമാണ് ഇതു സംബന്ധിച്ച് സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം, ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടെ തീരുമാനത്തില്‍ നിയമോപദേശം തേടിയെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞിരുന്നു. പ്രശ്‌നമുണ്ടാക്കി മുമ്പോട്ട് പോകുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കുടുംബം അറിയിച്ചിട്ടുമുണ്ട്. തന്ത്രി കുടുംബവും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിന് ശേഷം 3 മണിക്കാണ് ചര്‍ച്ച.

സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി മണ്ഡലകാലത്ത് ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ലെന്ന് പന്തളം കുടുംബം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടേക്കും. ശബരിമലയില്‍ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ നിന്നും പന്തളം, തന്ത്രി കുടുംബാംഗങ്ങള്‍ പിന്‍മാറിയിരുന്നു. എന്നാല്‍ മണ്ഡലകാലം കഴിയുന്നത് വരെ സുപ്രീംകോടതി വിധിക്ക് സ്റ്റേയില്ലെന്ന ഉത്തരവ് വന്നതോടെ ഇരു വിഭാഗവും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതരാകുകയായിരുന്നു.

ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പഴി ഒഴിവാക്കാനാണ് സര്‍വ്വകക്ഷിയോഗം വിലിച്ചത്. തന്ത്രി പന്തളം കുടുംബവുമായി സര്‍വ്വകക്ഷിയോഗത്തിന് ശേഷം ചര്‍ച്ച നടത്തും.

Top