തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സുപ്രീം കോടതി നിലപാടിനു ഒപ്പമാണ്. കോടതി എന്തുപറഞ്ഞോ അത് ഒരു വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ വിഷയത്തില്‍ വിശ്വാസികള്‍ക്കിടയില്‍ തന്നെ രണ്ടഭിപ്രായമുണ്ട്. ഇതെല്ലാം പരിശോധിച്ചാണ് സുപ്രീംകോടതി വിധി വന്നത്. അതനുസരിച്ചുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടി വരും. ദേവസ്വം ബോര്‍ഡിന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണ് എന്നറിയില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ എല്ലാ അഭിപ്രായവും സര്‍ക്കാരിന്റേതല്ല.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയാല്‍ ആര്‍ക്കും അവരെ തടയാന്‍ കഴിയില്ല. സ്ത്രീകള്‍ വന്നാല്‍ അവര്‍ക്കു സംരക്ഷണം നല്‍കും. വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.