ശബരിമല വിഷയത്തില്‍ ‘പന്ത്’ ഇനി സംസ്ഥാന സര്‍ക്കാറിന്റെ ക്വാര്‍ട്ടില്‍.ഏഴംഗ ഭരണഘടനാ ബഞ്ച് തീരുമാനം വരും വരെ യുക്തിപരമായ തീരുമാനമെടുക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. യുവതീ പ്രവേശന വിധി പുനപരിശോധിക്കാനാണ് നിലവില്‍ സുപ്രീം കോടതിയുടെ തീരുമാനം. അഞ്ചംഗ ബഞ്ചില്‍ മൂന്നുപേരും ഒരേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇനി ഈ വിധിയുടെ സാങ്കേതികത്വത്തില്‍ പിടിച്ച് തൂങ്ങി മാത്രം ആരും നിലപാട് സ്വീകരിക്കരുത്.
തല്‍സ്ഥിതി തുടരണമെന്നോ തുടരേണ്ടതില്ലന്നോ സുപ്രീം കോടതി പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ഈ മണ്ഡലകാലത്തും സര്‍ക്കാര്‍ തീരുമാനമാണ് നിര്‍ണ്ണായകമാകുക. ക്രമസമാധാന പാലനം സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്. കഴിഞ്ഞ തവണ ഉണ്ടായത് പോലുള്ള സംഘര്‍ഷങ്ങള്‍ ഇനി ഒരിക്കലും ശബരിമലയില്‍ ഉണ്ടായിക്കൂടാ.
വിശാല ബഞ്ചിന്റെ ഉത്തരവ് വരുന്നത് വരെ കാത്തു നില്‍ക്കാന്‍ യുവതികളും തയ്യാറാവണം. നാടിന്റെ സമാധാനത്തിന് ഇത്തരം ഒരു നിലപാട് അനിവാര്യമാണ്. പൊലീസും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ ‘ഹിഡന്‍’ അജണ്ടകളുമായി ചിലര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
സംഘര്‍ഷമുണ്ടാക്കിയല്ല ഏത് ഭക്തയായാലും അയ്യപ്പ ദര്‍ശനം നടത്തേണ്ടത്. പുണ്യ പൂങ്കാവനമായി തന്നെ ശബരിമല എന്നും നില നില്‍ക്കുകയാണ് വേണ്ടത്. കോടിക്കണക്കിന് വരുന്ന ഭക്തര്‍ ആഗ്രഹിക്കുന്നതും അതു തന്നെയാണ്.
2018 സെപ്റ്റംബര്‍ 28ന് നല്‍കിയ വിധി പുന:പരിശോധിക്കുന്നതോടൊപ്പം പ്രധാനപ്പെട്ട ചില നിരീക്ഷണങ്ങളും സുപ്രീം കോടതിയിപ്പോള്‍ നടത്തിയിട്ടുണ്ട്. അതു പ്രകാരം മുസ്ലീം, പാഴ്‌സി സ്ത്രീകളുടെ അവകാശങ്ങളും ഇനി ഭരണഘടനാ ബഞ്ചാണ് പരിഗണിക്കാന്‍ പോകുന്നത്.
അതായത് തീരുമാനം വരാന്‍ പോകുന്നത് എല്ലാ വിഭാഗത്തിലെയും സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ചായിരിക്കും എന്ന് വ്യക്തം. ഇവിടെ തുല്യ നീതി ഉറപ്പ് വരുത്താനാണ് സുപ്രീം കോടതി ശ്രമിച്ചിരിക്കുന്നത്. ഇത് സ്വാഗതാര്‍ഹമായ നിലപാടാണ്. മുന്‍പ് ശബരിമല വിധി വന്നപ്പോള്‍ മറ്റു മതങ്ങളിലെ ആചാരം ചൂണ്ടിക്കാട്ടിയവര്‍ക്കുള്ള മറുപടി കൂടിയാണിത്
ശബരിമല വിഷയത്തിലെ പുന:പരിശോധനാ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നതും വിശ്വസപരമായ കാര്യങ്ങളാണ്.
യുവതീ പ്രവേശനം പാടില്ല എന്ന നിലപാടാണ് പന്തളം കൊട്ടാരം ഉള്‍പ്പെടെ വലിയ ഒരു വിഭാഗം സ്വീകരിച്ചിരുന്നത്. ഇതു സംബന്ധമായ നിരവധി ഹര്‍ജികളിലാണ് സുപ്രീംകോടതി വാദം കേട്ടിരിക്കുന്നത്. കേരള സര്‍ക്കാര്‍ എടുത്ത നിലപാടാകട്ടെ കോടതി വിധി എന്തുതന്നെയായാലും അത് നടപ്പാക്കുമെന്നതായിരുന്നു.
2006 ജൂലൈയില്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്ന ഹര്‍ജിയിലാണ് യുവതീ പ്രവേശനത്തിന് അനുകൂലമായി 13 വര്‍ഷത്തിന്ശേഷം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഒരു പതിറ്റാണ്ടിലധികം നീണ്ട നിയമ പോരാട്ടത്തിനൊടുവിലായിരുന്നു ഈ വിധി.
1965 ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ മൂന്ന് (ബി) വകുപ്പ് പ്രകാരമാണ് ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നത്. സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം 1991 ല്‍ കേരള ഹൈക്കോടതിയും ശരിവയ്ക്കുകയുണ്ടായി.ഇതിനെതിരെ ആയിരുന്നു ‘യംഗ് ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷന്‍’ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഭരണഘടനാ പരമായി നില നില്‍ക്കാത്ത നിയന്ത്രണങ്ങള്‍ റദ്ദാക്കും എന്ന കാര്യം കോടതി കേസ് പരിഗണിച്ച ഘട്ടങ്ങളിലെല്ലാം വ്യക്തമാക്കിയിരുന്നതാണ്.
ക്ഷേത്ര പ്രവേശനമാണ് വിഷയമെന്നും സംസ്ഥാനത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ വിധി പുന:പരിശോധിക്കേണ്ടതിന്റെ കാരണമായി പരിഗണിക്കേണ്ടതില്ലന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന നിലപാട്. ശബരിമല വിശ്വാസം കോടതി നടപടിക്ക് വിധേയമാക്കേണ്ട കാര്യമല്ലന്നാണ് ബ്രാഹ്മണസഭ വാദിച്ചിരുന്നത്. യുവതീ പ്രവേശനം അനുവദിക്കുന്നത് ഒരു മതത്തിന്റെ ആഭ്യന്തര കാര്യമാണെന്നാണ് അവരുടെ വാദം. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ ലംഘിക്കുന്നതിലെ ആശങ്ക മറ്റ് ഹൈന്ദവ സംഘടനകളും സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
മതമെന്ന് പറയുന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും ദൈവമുണ്ടോയെന്ന് പോലും ആര്‍ക്കും അറിയില്ലന്നും ബ്രാഹ്മണ സഭക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശേഖര്‍ നാഫ് ഡേ ചൂണ്ടികാണിക്കുകയുണ്ടായി.
ദൈവത്തെ പോലെ ഒന്നുമില്ലന്ന് ഹോക്കിങ് പറഞ്ഞിട്ടുണ്ടെന്നും വിശ്വാസം തീരുമാനിക്കാന്‍ ആക്ടിവിസ്റ്റുകള്‍ക്ക് അവകാശമില്ലന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നൈഷ്ഠിക ബ്രഹ്മചാര്യ ഭാവത്തിലുള്ള പ്രതിഷ്ഠ ശബരിമലയില്‍ മാത്രമാണ് ഉള്ളതെന്ന കാര്യത്തില്‍ ഊന്നിയാണ് ഹര്‍ജി ഭാഗം വാദം ഉന്നയിച്ചിരുന്നത്. പ്രതിഷ്ഠയുടെ അവകാശം സംബന്ധിച്ച് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പ്രകടിപ്പിച്ച അഭിപ്രായവും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഹിന്ദുമതത്തില്‍ ആരാധനകള്‍ പലയിടത്തും വ്യത്യസ്ത രീതിയില്‍ ഉള്ളതാണെന്നാണ് പ്രമുഖ അഭിഭാഷകനായ മനു അഭിഷേക് സിംങ് വി വാദിച്ചിരുന്നത്. മുന്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടിയായിരുന്നു ആദ്ദേഹത്തിന്റെ ഈ വാദം.
വിശ്വാസികള്‍ ദൈവത്തെ ആരാധിക്കുന്നത് പ്രത്യേക രൂപഭാവത്തിലാണെന്ന് ‘ദേവാരു’ കേസില്‍ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയ കാര്യവും സിങ് വി ചൂണ്ടിക്കാട്ടുകയുണ്ടായി. ഭരണഘടനാ സദാചാരമെന്നത് ആര്‍ട്ടിക്കിള്‍ 25, 26 എന്നിവ കണക്കാക്കിയിട്ടുള്ളതാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതിഷ്ടയുടെ സ്വഭാവം സ്ഥിരതയുള്ളതാണെന്നായിരുന്നു തന്ത്രിക്ക് വേണ്ടി ഹാജരായ വി.ഗിരി വാദിച്ചിരുന്നത്. തന്ത്രി പ്രതിഷ്ഠയുടെ പിതാവായാണ് കണക്കാക്കപ്പെടുന്നതെന്നും പ്രതിഷ്ഠക്കും അവകാശങ്ങള്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. വിശ്വാസത്തിന്റെ കാര്യത്തില്‍ തന്ത്രിയുടെ വാക്ക് അന്തിമമാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. തൊട്ടു കൂടായ്മയുമായി ശബരിമല വിഷയത്തിന് യാതൊരു ബന്ധവും ഇല്ലന്ന് ആവര്‍ത്തിച്ചാണ് വി.ഗിരി തന്റെ വാദം അവസാനിപ്പിച്ചിരുന്നത്.
ഈ വാദങ്ങളെല്ലാം മുഖവിലക്കെടുത്താണ് സുപ്രീം കോടതിയിപ്പോള്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. പുന:പരിശോധനാ ഹര്‍ജി കോടതി തള്ളിക്കളയാതിരുന്നത് വിശ്വാസികളെ സംബന്ധിച്ച് ആശ്വാസകരമായ കാര്യം തന്നെയാണ്. ശബരിമല തന്ത്രിയുടെ പ്രതികരണത്തില്‍ തന്നെ ആ സന്തോഷം വ്യക്തവുമാണ്.
ആചാരങ്ങള്‍ സംബന്ധിച്ച എല്ലാ ഹര്‍ജികളിലും ഏഴംഗ വിശാല ഭരണഘടനാ ബഞ്ചാണ് ഇനി അന്തിമ വിധി പറയുക. മുസ്ലീം, പാഴ്‌സി വിഭാഗത്തിലെ സ്ത്രീകളുടെ അവകാശവും ഇതിലുള്‍പ്പെടും. ഇതോടെ ശബരിമല വിഷയം എന്നതിലുപരി രാജ്യം തന്നെ ഉറ്റുനോക്കുന്ന സുപ്രധാന കേസായാണ് ഇതു മാറിയിരിക്കുന്നത്.
Express View