പത്തനംതിട്ട: ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം വിശ്വസിക്കുന്നില്ലെന്ന് പന്തളം രാജകുടുംബ പ്രതിനിധി നാരായണ വര്‍മ്മ. സത്യവാങ്മൂലമെന്ന പേരില്‍ സര്‍ക്കാര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതാകാമെന്നും ഇത് കേസിനെ ദുര്‍ബലപ്പെടുത്തില്ലെന്നും നാരായണ വര്‍മ്മ വ്യക്തമാക്കി.
ആചാരം നിലനിര്‍ത്തണമെന്ന് തന്നെയാണ് ആവശ്യമെന്നും ശബരിമലയില്‍ ഭക്തകളായ യുവതികളെ കണ്ടിട്ടില്ലെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് കാത്ത് നില്‍ക്കാമായിരുന്നുവെന്നും നാരായണ വര്‍മ്മ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത 51 പേരാണ് ശബരിമല കയറാന്‍ എത്തിയതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പത്തിനും അമ്പതിനുമിടക്ക് പ്രായമുള്ള സ്ത്രീകളാണ് ശബരിമലയിലെത്തിയതെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഇതിന്റെ വിശദമായ പട്ടികയാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. 7564 യുവതികള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിരുന്നെന്നും കടകംപള്ളി പറഞ്ഞു.
എന്നാല്‍ ഇവര്‍ ഏത് വഴിയാണ് പോയതെന്ന ചോദ്യത്തിന്, അവര്‍ക്ക് സൗകര്യമുള്ള വഴി പോയിക്കാണുമെന്ന മറുപടിയാണ് മന്ത്രി നല്‍കിയത്. അതൊന്നും സര്‍ക്കാര്‍ പരിഗണിക്കേണ്ട വിഷയമല്ല. സെപ്റ്റംബര്‍ 28ന് ശേഷം പ്രായം പരിശോധിക്കുന്ന സംവിധാനം അവിടെയുണ്ടായിട്ടില്ല. വലിയ വാര്‍ത്താ സമ്മേളനം ഒക്കെ നടത്തി വന്നവരെ പ്രതിഷേധക്കാര്‍ തടഞ്ഞിട്ടുണ്ടാകും. അല്ലാതെ വന്ന ഭക്തര്‍ സുഗമമായി മലകയറി മടങ്ങിയെന്നും ദേവസ്വം മന്ത്രി കൂട്ടിച്ചേര്‍ത്തു.
സുരക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ പട്ടിക നല്‍കിയത്. കൂടുതല്‍ പേരും ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഈ പട്ടികയില്‍ യുവതികളുടെ പേരും മേല്‍വിലാസവുമടക്കമുള്ള വിശദാംശങ്ങളും ഉണ്ട്.