തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിയ്ക്കുന്നതിനോട് യോജിപ്പില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പുതിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിത്.
ശബരിമലയിലെ അയ്യപ്പന്‍ ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും അതുകൊണ്ട് പത്തിനും 50നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളേയും സ്ത്രീകളേയും ശബരിമലയില്‍ പ്രവേശിപ്പിയ്ക്കുന്നത് പാരമ്പര്യത്തിനും വിശ്വാസത്തിനും എതിരാണെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.
ക്ഷേത്രാചാരങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അവകാശം തന്ത്രിയ്ക്കാണെന്നും സര്‍ക്കാരിനല്ലെന്നുമാണ് വാദം. 2008ല്‍ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് തീര്‍ത്തും എതിരാണ് ഇപ്പോഴത്തെ സത്യവാങ്മൂലം.
എല്ലാ പ്രായത്തില്‍ പെട്ട വിശ്വാസികള്‍ക്കും ലിംഗഭേദമന്യെ എല്ലാ ദേവാലയങ്ങളിലും പ്രവേശനം അനുവദിയ്ക്കണമെന്നായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാട്.
സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിയ്ക്കുന്നതിനോട് യോജിയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയില്‍ സത്യാവാങ്മൂലം നല്‍കി. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ തിങ്കളാഴ്ച സുപ്രീം കോടതി വാദം കേള്‍ക്കും.