പ്രതിഷേധത്തെ തുടര്‍ന്ന് ശബരിമലയില്‍നിന്നും തിരിച്ചിറക്കിയ യുവതികള്‍ നിരാഹാരത്തില്‍

sabarimala

ശബരിമല: പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ശബരിമലയില്‍നിന്നും പൊലീസ് തിരിച്ചിറക്കിയ യുവതികള്‍ നിരാഹാരത്തില്‍. ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ നിരാഹാരം നടത്തുന്നത്. ഇന്ന് രാവിലെയാണ് ശബരിമല ദര്‍ശനത്തിനെത്തിയ രേഷ്മാ നിഷാന്ത്, ഷനില എന്നി യുവതികളെ പൊലീസ് പ്രതിഷേധത്തെ തുടര്‍ന്നു തിരിച്ചിറക്കിയത്.

പൊലീസ് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും അറസ്റ്റു ചെയ്യുന്നുവെന്ന് പറഞ്ഞാണ് പൊലീസ് തങ്ങളെ തിരിച്ചിറക്കിയതെന്നും യുവതികള്‍ കുറ്റപ്പെടുത്തി. നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ ആണെന്നും അടുത്ത നീക്കം അറിയില്ലെന്നും യുവതികള്‍ പറഞ്ഞു.

നീലിമലയില്‍ വച്ചാണ് ശരണം വിളിച്ച് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രതിഷേധിച്ച അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ യുവതികളെ തിരിച്ചിറക്കി. ജീപ്പില്‍ കയറ്റി യുവതികളെ പമ്പയിലേക്ക് കൊണ്ടുപോയി.

മുകളിലെത്തിയാല്‍ കൂടുതല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് യുവതികള്‍ ആദ്യഘട്ടത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ യുവതികള്‍തിരിച്ചിറങ്ങുകയായിരുന്നു. രേഷ്മ രണ്ടാം തവണയാണ് ശബരിമല ദര്‍ശനം നടത്താതെ മടങ്ങുന്നത്.

Top