കോട്ടയം: ശബരിമല ദര്‍ശനത്തിനായി തമിഴ്‌നാട്ടില്‍നിന്നുള്ള യുവതികള്‍ കേരളത്തിലെത്തി. മനിതി കൂട്ടായ്മയിലെ യുവതികള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കട്ടപ്പനയിലെ പാറപ്പുറത്ത് വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെ സംഘം യാത്ര തുടരുകയാണ്.
മനിതി എന്ന സംഘടനയിലെ 40 യുവതികളാണ് ശബരിമലയിലേക്ക് പോകാന്‍ എത്തുന്നെന്നാണു വിവരം. ഇവര്‍ക്കൊപ്പം സംരക്ഷകരായി 25 പുരുഷന്‍മാരും ഉണ്ടാകും.
യുവതികളെ ഒരു കാരണവശാലും മലചവിട്ടിക്കില്ലെന്ന തീരുമാനത്തിലാണ് ബിജെപി നേതൃത്വം. നാമജപവുമായി യുവതികളെ തടയാനാണ് തീരുമാനം.
ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് ഇവര്‍ കുമളി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടന്നത്. തമിഴ്‌നാട്-കേരള പൊലീസ് ഒരുക്കിയ ശക്തമായ സുരക്ഷയുടെ ബലത്തിലാണ് പ്രതിഷേധിക്കാരെ മറികടന്ന് സംഘം കേരളത്തില്‍ എത്തിയത്.
ശനിയാഴ്ച്ച ഉച്ചയോടെ ചെന്നൈയില്‍ നിന്നും പുറപ്പെട്ട തീര്‍ത്ഥാടക സംഘത്തെ മധുരയില്‍ വിശ്വഹിന്ദു പരിക്ഷത്ത് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഈ നീക്കം പൊളിച്ചു. തമിഴ്‌നാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പിന്നീട് കേരള അതിര്‍ത്തിക്ക് സമീപം വച്ച് കേരള പൊലീസ് ഇവരുടെ സുരക്ഷ ഏറ്റെടുത്തു. തീര്‍ത്ഥാടക സംഘം കുമളി ചെക്ക് പോസ്റ്റ് കടന്നപ്പോള്‍ ദേശീയപാത ഉപരോധിച്ചു കൊണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തെങ്കിലും പൊലീസ് ഇവരെ പിടിച്ചു മാറ്റി വാഹനവ്യൂഹത്തിന് വഴിയൊരുക്കി.
ഞായറാഴ്ച്ച രാവിലെയോടെ കോട്ടയത്ത് എത്തി അവിടെ നിന്നും പമ്പയിലേക്ക് നീങ്ങാനാണ് ഇവരുടെ പദ്ധതിയെന്നാണ് അറിയുന്നത്. തമിഴ്‌നാട് പൊലീസിനോപ്പം കേരള പൊലീസും ഇവര്‍ക്ക് അകമ്പടി സേവിക്കുന്നുണ്ട്.