എസ്‍പി യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപിയുടെ വ്യാപക പ്രതിഷേധം; കോലം കത്തിച്ചു

തിരുവനന്തപുരം: ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ബിജെപിയുടെ വ്യാപക പ്രതിഷേധം. തിരുവനന്തപുരത്തും തൃശൂരും യതീഷ് ചന്ദ്രയുടെ കോലവുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ യതീഷ് ചന്ദ്രയുടെ കോലം കത്തിച്ചു. തൃശൂരില്‍ പ്രതിഷേധകര്‍ കോലവുമായി നഗരത്തില്‍ മാര്‍ച് നടത്തി.

ശബരിമലയിലെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു. ഇന്ന് ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എസ്പി അത് അനുവദിച്ചിരുന്നില്ല. അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നായിരുന്നു എസ് പി മന്ത്രിയോട് തിരിച്ച് ചോദിച്ചത്.

ഇതിനിടെ ശബരിമലയില്‍ ജോലി ചെയ്യുന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ ഐപിഎസ് അസോസിയേഷന്‍ രംഗത്തെത്തി. നിയമം നടപ്പാക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരെ വ്യക്തിപരമായും ജാതി അടിസ്ഥാനത്തിലും അപമാനിക്കാന്‍ ശ്രമിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമങ്ങള്‍ ചൂണ്ടി കാട്ടി സുപ്രീം കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നതായി അസോസിയേഷന്‍ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും നല്‍കിയ കത്തില്‍ വ്യക്തമാക്കി

Top