ശബരിമലയിലേക്കുള്ള രാത്രിയാത്രാ നിരോധനം പൂര്‍ണമായും നീക്കി

ശബരിമല : ഹൈക്കോടതി നിര്‍ദ്ദേശം കണക്കിലെടുത്ത് ശബരിമലയിലേക്കുള്ള രാത്രിയാത്രാ നിരോധനം പൂര്‍ണമായും നീക്കി. സന്നിധാനത്തെ തിരക്ക് കുറഞ്ഞതും തീരുമാനത്തിന് പിന്നിലുണ്ട്. രാത്രിയില്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകുന്ന തീര്‍ഥാടകരെ തടയില്ലെന്നും പൊലീസ് വ്യക്തമാക്കി.

രാത്രി ഒമ്പത് മുതല്‍ രണ്ടു മണിവരെയാണ് തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. നിലയ്ക്കലില്‍ നിന്ന് ദിവസം മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വീസ് നടത്തും. കഴിഞ്ഞ ദിവസം പൊലീസ് സന്നിധാനത്തെ വലിയ നടപ്പന്തലില്‍ വിരിവെക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയിരുന്നു. ഇതിനു ശേഷമാണ് രാത്രിയാത്രാ നിരോധനവും നീക്കിയിട്ടുള്ളത്.

പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും വലിയ നടപ്പന്തലില്‍ വിരിവെക്കാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ചൊവ്വാഴ്ച വൈകീട്ടുവരെ നിയന്ത്രണങ്ങള്‍ തുടര്‍ന്നു. ചൊവ്വാഴ്ച രാത്രിയാണ് നിയന്ത്രണങ്ങള്‍ നീക്കിയ വിവരം ഐ.ജി ഭക്തരെ അറിയിച്ചത്.

Top