ശബരിമല യുവതീപ്രവേശം; ഹര്‍ജികളില്‍ നിര്‍ണ്ണായക വാദം തുടങ്ങി സുപ്രീകോടതി

ന്യൂഡല്‍ഹി: ശബരിമല കേസില്‍ സുപ്രീകോടതി നടപടി തുടങ്ങി. അതേസമയം യുവതി പ്രവേശന വിധിക്കെതിരെ നല്‍കിയിട്ടുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് വ്യക്തമാക്കി. കേന്ദ്രത്തിനായി അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന് പകരം സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ഒന്‍പതംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

അഞ്ച് അംഗ ബെഞ്ച് നിര്‍ദേശിച്ച 7 ചോദ്യങ്ങള്‍ മാത്രമാണ് പരിഗണിക്കുന്നത്. ആചാരങ്ങള്‍ മതത്തിന്റെ/വിഭാഗത്തിന്റെ ഒഴിച്ചുകൂടാനാകാത്ത രീതിയാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം? അത് മതമേധാവിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കേണ്ടതാണോ എന്നുള്ളതാണ് ഇതില്‍ ഏറ്റവും പ്രധാനം.

എന്തിനാണ് ഈ ഹർജികൾ ഒമ്പതംഗ ബഞ്ചിന് വിട്ടത് എന്ന് മനസ്സിലാകുന്നില്ലെന്ന് പുനഃപരിശോധനാഹർജികളെ എതിർത്ത് ബിന്ദു അമ്മിണിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്‍സിംഗ് കോടതിയിൽ പറഞ്ഞു. അഞ്ചംഗ ബെഞ്ച് തയ്യാറാക്കിയ ഈ ചോദ്യങ്ങൾക്കൊന്നും നിയമപരമായ ഉത്തരം കണ്ടെത്താൻ സാധിക്കുന്നതല്ലെന്നും ഇന്ദിര ജയ്‍സിംഗ് വിമർശിച്ചു. ശിരൂർ മഠം കേസിലെ വിധിയെ ആരും ചോദ്യം ചെയ്യാത്തിടത്തോളം എന്തിന് ഒമ്പതംഗ ബെഞ്ച് രൂപീകരിച്ച് ‘ഹിന്ദു’ എന്ന പദമെന്തെന്ന് വിശദീകരിക്കാനോ പരിശോധിക്കാനോ ശ്രമിക്കുന്നതെന്തിന് എന്നും ഇന്ദിരാ ജയ്‍സിംഗ് ചോദിച്ചു.

Top