സാബിത്ത് വധക്കേസ് ; മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു

court

കാസര്‍കോഡ് : കാസര്‍കോഡ് മീപ്പുഗിരിയിലെ സാബിത്ത് വധക്കേസില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ജഡ്ജ് ശശികുമാര്‍ തെളിവുകളുടെ അഭാവത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ വെറുതെവിട്ടത്.

പ്രതികള്‍ക്ക് വേണ്ടി അഡ്വ. പിഎസ് ശ്രീധരന്‍ പിള്ളയാണ് ഹാജരായത്. എന്നാല്‍, കേസില്‍ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ആര്‍.എസ്.എസ്.പ്രവര്‍ത്തകരായ ജെ പി കോളനിയിലെ കെ അക്ഷയ് എന്ന മുന്ന (21), സുര്‍ളു കാളിയങ്ങാട് കോളനിയിലെ കെ എന്‍ വൈശാഖ് (22), ജെ പി കോളനിയിലെ 17കാരന്‍, ജെ പി കോളനിയിലെ എസ് കെ നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (22), കേളുഗുഡ്ഡെയിലെ ബി കെ പവന്‍ കുമാര്‍ (30), കൊന്നക്കാട് മാലോം കരിമ്പിലിലെ ധനഞ്ജയന്‍ (28), ആര്‍ വിജേഷ് (23) എന്നിവരെയാണ് വെറുതെവിട്ടത്.

2013 ജൂലൈ ഏഴിന് പകല്‍ 11.30 ന് അണങ്കൂര്‍ ജെപി കോളനി പരിസരത്താണ് മീപ്പുഗിരിയില്‍ വെച്ച് റഹീസിനൊപ്പം (23) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ തടഞ്ഞ് നിര്‍ത്തി സാബിത്തി(18) നെ ഏഴംഗ സംഘം കുത്തി കൊലപ്പെടുത്തിയത്. ബൈക്കോടിച്ചത് സാബിത്തായിരുന്നു. അക്രമത്തില്‍ റഹീസിനും സാരമായി പരിക്കേറ്റു.

Top