സാബു എം ജേക്കബിനെതിരായ പരാതി; പി വി ശ്രീനിജിന്റെ മൊഴി ഇന്ന് രേഖപെടുത്തും

കുന്നത്തുനാട്: ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരായ പരാതിയിൽ കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജിൻ്റെ മൊഴി പൊലീസ് ഇന്ന് രേഖപെടുത്തും. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തുക.

എംഎൽഎയുടെ പരാതിയിൽ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്. ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കാർഷിക ദിനാചരണത്തിൽ ഉദ്ഘാടകനായി എത്തിയ എംഎൽഎയെ ജാതീയമായി അപമാനിച്ചു എന്നായിരുന്നു പരാതി. ഐക്കരനാട് പഞ്ചായത്ത്‌ പ്രസിഡന്റ് ഡീന ദീപക് ആണ് രണ്ടാം പ്രതി. പഞ്ചായത്ത്‌ അംഗങ്ങൾ ഉൾപ്പടെ കേസിൽ ആകെ ആറ് പ്രതികൾ ആണ് ഉള്ളത്.

ട്വന്റി ട്വന്റിയെ നശിപ്പിക്കാനാണ് ശ്രീനിജിൻ എംഎൽഎയുടെ ശ്രമമെന്ന് സാബു എം.ജേക്കബ് ആരോപിച്ചിരുന്നു. ഓഗസ്റ്റ് ഏട്ടിന് നടന്നു എന്ന് പറയുന്ന സംഭവത്തിൽ കേസ് എടുത്തത് ഡിസംബർ എട്ടിനാണ്. വീണു കിട്ടിയ അവസരം കമ്പനിയെ ഇല്ലാതാക്കാൻ ഉപയോഗിക്കുകയാണെന്നും സാബു ജേക്കബ് കുറ്റപ്പെടുത്തി. പി.വി.ശ്രീനിജിൻ എംഎൽഎയെ ജാതീയമായി അപമാനിച്ചുവെന്ന പരാതിയിൽ കേസെടുത്തതിനെകുറിച്ച് വിശദീകരിക്കാനായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്തിലെ എല്ലാപരിപാടികളിലും ശ്രീനിജിൻ പങ്കെടുക്കുന്നു. ട്വന്റി ട്വന്റിയെ ഇല്ലാതാക്കാനാണ് ശ്രമം. ട്വന്റി ട്വന്റിയുടെ വികസന പ്രവർത്തനങ്ങൾ പോലും ശ്രീനിജിൻ സ്വന്തം പേരിലാക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നാണംകെട്ട പ്രവർത്തനങ്ങളാണ് ശ്രീനിജിൻ നടത്തുന്നത്. എൽഡിഎഫ്, യുഡിഎഫ് നേതാക്കന്മാരുമായി വേദി പങ്കിടണ്ട എന്നത് പാർട്ടി തീരുമാനമാണ്. ഒരിക്കലും ശ്രീനിജിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചിട്ടില്ല. മറ്റു പാർട്ടികളിലെ നേതാക്കൾ പങ്കെടുക്കുന്ന പരിപാടികളിലും മീറ്റിംങ്ങുകളിലും പങ്കെടുക്കണ്ട എന്നാണ് പാർട്ടി തീരുമാനം മാത്രമാണ് നടപ്പാക്കിയത്. ശ്രീനിജിനെപ്പോലെയുള്ളവരെ നിലക്ക് നിർത്തേണ്ടത് നാടിന്റെ ആവശ്യമാണെന്നും സാബു എം.ജേക്കബ് പറഞ്ഞു.

Top