ഈ വർഷം മലയാള സിനിമയ്ക്ക് ഉണ്ടായ നഷ്ടമായിരുന്നു സംവിധായകൻ ആണ് സച്ചിയുടെ വിയോഗം. മലയാളത്തിൽ നല്ല സിനിമകൾ സമ്മാനിച്ച സച്ചി ഒരു പിടി ആഗ്രഹങ്ങൾ ബാക്കി വെച്ചായിരുന്നു വിട പറഞ്ഞത്. ഇപ്പോഴിതാ സുഹൃത്ത് കൂടിയായ പൃഥ്വിരാജ് അദ്ദേഹത്തിന്റെ ആഗ്രഹങ്ങളിൽ ഒന്നിനു തിരി തെളിക്കുകയാണ്. സ്വന്തമായി ഒരു സിനിമ നിർമ്മിക്കണമെന്ന ആഗ്രഹമാണ് സച്ചിയുടെ പിറന്നാൾ ദിവസമായ ഇന്ന് പൃഥ്വിരാജ് സാക്ഷാത്കരിക്കുന്നത്. ‘സച്ചി ക്രിയേഷൻസ്’ എന്ന പേരിലാണ് ബാനർ അനൗൺസ്‌മെന്റ് ചെയ്തിരിക്കുന്നത്. ഇതിലൂടെ നല്ല സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും പൃഥ്വി കുറിച്ചു. എഫ്ബി പേജിലൂടെയാണ് പൃഥ്വിരാജ് ഈ കാര്യം പങ്ക് വച്ചത്.
“നമസ്ക്കാരം എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ. ഡിസംബർ 25 എന്നെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിർമ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിർഭാഗ്യവശാൽ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല.അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനും, ആഗ്രഹപൂർത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനർ അനൗൺസ്‌മെന്റ് നടത്തുകയാണ്. സച്ചി ക്രിയേഷൻസ്. ഈ ബാനറിലൂടെ നല്ല സിനിമകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.” പൃഥ്വിരാജ് കുറിച്ചു.