ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ഇന്ന് 47-ാം പിറന്നാള്‍. ബാറ്റ് കൈയിലെടുക്കുന്ന ഏതൊരു താരത്തിന്റെയും ബെഞ്ച് മാര്‍ക്കാണ് അദ്ദേഹം. 200 ടെസ്റ്റുകളുടെയും 463 ഏകദിനങ്ങളുടെയും അനുഭവസമ്പത്ത്. ടെസ്റ്റില്‍ 15,921 റണ്‍സ്, 51 സെഞ്ചുറികള്‍.
ഏകദിനത്തില്‍ 18,426 റണ്‍സ്, 49 സെഞ്ചുറികള്‍. തുടങ്ങി 24 വര്‍ഷം ആ 22 വാരയ്ക്കിടയില്‍ ചെലവഴിച്ച സമയം മുഴുവന്‍ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് റണ്‍സിന്റെ പ്രവാഹമായിരുന്നു. അത്ര പെട്ടെന്ന് ആര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത നേട്ടങ്ങളായി അവ ഇന്നും നിലനില്‍ക്കുന്നു.
‘ക്രിക്കറ്റ് ഞങ്ങളുടെ മതവും സച്ചിന്‍ ഞങ്ങളുടെ ദൈവവുമാണ്’, ഇന്ത്യയിലെയും വിദേശത്തെയും പത്രത്താളുകളില്‍ നിരവധി തവണ അച്ചടിച്ചുവന്ന ഒരു വാചകമായിരിക്കും ഇത്. തങ്ങള്‍ആഗ്രഹിച്ചപ്പോഴെല്ലാം തന്റെ ബാറ്റിനെ മാന്ത്രികദണ്ഡുപോലെ ചലിപ്പിച്ച് എത്രയോ മികച്ച ഇന്നിങ്‌സുകള്‍ പുറത്തെടുത്തയാളെ ദൈവമെന്നല്ലാതെ അവര്‍ മറ്റെന്ത് പേരിട്ട് വിളിക്കും.
ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ബി.സി.സി.ഐയുടെയും വളര്‍ച്ചയ്ക്ക് പിന്നില്‍ സച്ചിനാണെന്നത് നിസ്സംശയം പറയാം. ക്രിക്കറ്റിന്റെ അനന്തവിഹായസില്‍ രണ്ടു പതിറ്റാണ്ടിലേറെ കാലം വിരാജിച്ചിട്ടും വിവാദങ്ങളില്‍ ഒരിക്കല്‍പോലും സച്ചിന്റെ പേര് പരാമര്‍ശിക്കപ്പെട്ടില്ല. പലപ്പോഴും വിശേഷണങ്ങള്‍ക്ക് അതീതനായിരുന്നു ആ വ്യക്തി.