ന്യൂഡല്‍ഹി: രാജസ്ഥാനില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച കൈക്കൊണ്ട നടപടികളുടെ ഉദ്ദേശ്യം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അടുത്ത മാസം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സംസ്ഥാനത്ത് ഈ സമയത്ത് ഇ.ഡി നടപടികളുണ്ടാകുന്നത് സംശയം ജനിപ്പിക്കുന്നതായും കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സച്ചിന്‍ പൈലറ്റ് പറഞ്ഞു.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരം ഏജന്‍സികളെ രാജസ്ഥാനിലേക്ക് അയക്കുന്നത് കോണ്‍ഗ്രസ് നേതാക്കളെ ഭയപ്പെടുത്തുന്നതിനാണെന്നും ബിജെപിയുടെ ഈ പ്രവൃത്തികള്‍ രാജ്യം കണ്ടുകൊണ്ടിരിക്കുകയാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. വ്യാഴാഴ്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതിന്റെ മകന്‍ വൈഭവ് ഗഹ്‌ലോതിന് ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി സമന്‍സ് അയക്കുകയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതാശ്രയുടെ വസതിയടക്കമുള്ളയിടങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.
ഇ.ഡി നടത്തുന്ന റെയ്ഡുകള്‍ രാഷ്ട്രീയലക്ഷ്യങ്ങളുള്ളവയാണെന്നും കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും അഴിമതിക്കെതിരാണെന്നും പൈലറ്റ് പറഞ്ഞു. തികച്ചും നിഷ്പക്ഷമായ അന്വേഷണം നടക്കുകയും അത്തരമൊരന്വേഷണത്തില്‍ ആരെയെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്യുന്ന പക്ഷം ആ അന്വേഷണത്തെ തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും പൈലറ്റ് കൂട്ടിച്ചേര്‍ത്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭയം കാരണമാണ് യാതൊരു തെളിവുകളുടെ അടിസ്ഥാനവുമില്ലാതെ ബിജെപി കോണ്‍ഗ്രസ് നേതാക്കളെ കുടുക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതെന്നും പൈലറ്റ് ആരോപിച്ചു.
രാഷ്ട്രീയമായി തങ്ങള്‍ ദുര്‍ബലരാണെന്നും അതിനാല്‍ സിബിഐ, ആദായനികുതി വകുപ്പ്, ഇഡി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുമെന്നുമുള്ള സന്ദേശമാണ് റെയ്ഡുകളില്‍ നിന്ന് ലഭിക്കുന്നതെന്നും ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നതിനുള്ള ശ്രമമാണിതെന്നും പൈലറ്റ് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുതരത്തിലും ഭയപ്പെടേണ്ടതില്ലെന്നും പൂര്‍ണ കരുത്തോടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുകയും വിജയം നേടുകയും ചെയ്യുമെന്നും പൈലറ്റ് കൂട്ടിച്ചേര്‍ത്തു.