ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി സച്ചിൻ പൈലറ്റ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സിറ്റിംഗ് മണ്ഡലമായ ടോങ്കിൽ നിന്നാണ് സച്ചിൻ ഇക്കുറിയും മത്സരിക്കുന്നത്. പ്രവർത്തകർക്കൊപ്പം ആവേശമായെത്തിയാണ് സച്ചിൻ പൈലറ്റ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ശേഷം പ്രതികരിച്ചതാകട്ടെ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഒന്നിച്ച് പോകണമെന്ന് രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും പറഞ്ഞതിനെക്കുറിച്ചായിരുന്നു. കഴിഞ്ഞതെല്ലാം മറന്നും പൊറുത്തും മുന്നോട്ട് പോകാനാണ് രാഹുലും ഖർഗെയും പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സംസ്ഥാന ഭരണം നിലനിർത്താനുള്ള തീവ്ര പരിശ്രമത്തിലാണ് കോൺഗ്രസ്. ഇടഞ്ഞു നിന്നിരുന്ന മുഖ്യമന്ത്രി ഗെലോട്ടും സച്ചിനും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പ്രശ്നമില്ലാതെ മുന്നോട്ട് പോകുന്നത് കോൺഗ്രസിന് ആശ്വാസമേകുന്നതാണ്. അതിനിടെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും കോൺഗ്രസ് മുന്നോട്ടുവച്ചിരുന്നു.
രാജസ്ഥാൻ നിയമസഭയിലെ 200 സീറ്റുകളിലേക്കും നവംബർ 25 നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ. ഭരണം നിലനിർത്താൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ അധികാരം തിരിച്ചുപിടിക്കാനാണ് ബി ജെ പിയുടെ പരിശ്രമം.