ദൗസ : രാജസ്ഥാനില്‍ പുതിയ പാർട്ടി പ്രഖ്യാപനം നടത്താതെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനമായ ഇന്ന് ദൗസയിൽ നടന്ന ചരമ വാർഷിക ചടങ്ങുകളിൽ പുതിയ പാർടി പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പുതിയ പാർട്ടി പ്രഖ്യാപനങ്ങളോ നിർണ്ണായക തീരുമാനങ്ങളോ പരിപാടിയിൽ പ്രഖ്യാപിച്ചില്ല.
ദൗസയിൽ രാജേഷ് പൈലറ്റിന്റെ പ്രതിമയിൽ പ്രാർഥന നടത്തിയ പൈലറ്റ് ഛാത്രവാസിൽ പുതിയ പ്രതിമയുടെ അനാച്ഛാദനവും നടത്തി. രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷിദിനത്തോട് അനുബന്ധിച്ച് പ്രാര്‍ത്ഥനായോഗവും റാലിയും സംഘടിപ്പിച്ചിരുന്നു. പൈലറ്റ് കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് ദൗസ. ഇവിടെ വച്ച് നടക്കുന്ന ചടങ്ങിൽ പുതിയ പാർടി പ്രഖ്യാപിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ.
എന്നാൽ പുതിയ പാർടിയെ സംബന്ധിച്ച വിഷയങ്ങളൊന്നും സച്ചിൻ സംസാരിച്ചില്ല. രാജസ്ഥാനിലെ അഴിമതി അവസാനിപ്പിക്കാൻ പോരാടുമെന്നും യുവ തലമുറയ്ക്കു വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നുമാണ് സച്ചിൻ പറഞ്ഞത്. പാവപ്പെട്ടവർക്ക് വേണ്ടിയാണ് താൻ വാദിക്കുന്നത്. യുവാക്കളുടെ ഭാവിക്ക് വേണ്ടിയാണ് ചില വിഷയങ്ങൾ ചർച്ചയാക്കിയത്. ആവശ്യങ്ങളില്‍ നിന്ന് ഒരടി പിന്നോട്ടു വയ്ക്കില്ല. ജനസേവനത്തിന് അധികാരം വേണ്ടെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. അഴിമതിയോട് സന്ധി ചെയ്യില്ലെന്നും ന്യായത്തിനായി ഏതറ്റം വരെയും പോകുമെന്നും രാജസ്ഥാനിലെ അഴിമതി അവസാനിപ്പിക്കാൻ പോരാട്ടം തുടരുമെന്നും പൈലറ്റ് കൂട്ടിച്ചേർത്തു.