കൊച്ചി : ലീഗ് മത്സരങ്ങള്‍ രാജ്യത്തിന്റെ കായിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. സിബിഎല്‍ മത്സരങ്ങളെ വളരെ മികച്ച രീതിയില്‍ മലയാളികള്‍ സ്വീകരിച്ചു കഴിഞ്ഞു. കായിക മേഖലയോട് കേരള ജനത കാണിക്കുന്ന പിന്തുണ അനുഭവിച്ചറിഞ്ഞിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.
മൂന്ന് മാസം നീണ്ട് നില്‍ക്കുന്ന സി.ബി.എല്‍. മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്ന എല്ലാ ടീമുകള്‍ക്കും അദ്ദേഹം ആശംസ നേര്‍ന്നു. സംസ്ഥാനത്തെ പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരത്തില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു സച്ചിന്‍.
നമ്മുടേതൊരു കായിക സൗഹൃദ രാജ്യമാണ്. വിവിധ തരത്തിലുള്ള രൂപമാറ്റങ്ങളിലൂടെ അനുദിനം കായിക ലോകം മുന്നേറുകയാണ്. സ്ത്രീകള്‍ ഉള്‍പ്പടെ വള്ളങ്ങളില്‍ തുഴച്ചില്‍കാരായെത്തി മത്സരത്തില്‍ മാറ്റുരയ്ക്കുന്നത് വളരെ അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകത്തെവിടെയും വള്ളംകളിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് കേരളവും ഇവിടുത്തെ ചുണ്ടന്‍ വള്ളങ്ങളുമാണ്. കാലാകാലങ്ങളായി നിലനിന്നുവരുന്ന സംസ്‌കാരവും പഴമയുമാണ് ഇവിടുത്തെ വള്ളംകളിയെ വ്യത്യസ്തമാക്കുന്നത്. ഐക്യത്തോടെയുള്ള ഇത്തരം മത്സരക്കളികള്‍ ജനമനസ്സുകളിലും ഐക്യം ഉണര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയം പോലുള്ള ഒരുപാട് ബുദ്ധിമുട്ടുകള്‍ കേരളത്തിന് നേരിടേണ്ടി വന്നു, ഇതില്‍ നിന്നെല്ലാം ഉയര്‍ത്തെഴുന്നേല്‍ക്കാനായത് മലയാളികളുടെ ഇച്ഛാശക്തിയാലാണ്. ഇത്തരത്തില്‍ ദുരന്തങ്ങളിലകപ്പെട്ട് നഷ്ടങ്ങള്‍ ഉണ്ടായവരെ ഈ അവസരത്തില്‍ ഓര്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം നടത്താനിരുന്ന തീയതിയില്‍ നിന്നും മാറ്റി വെച്ച വള്ളംകളി കേവലം 20 ദിവസത്തെ ഒരുക്കങ്ങളോടെ ഇത്ര മികച്ച രീതിയില്‍ നടത്തിയതില്‍ ടൂറിസം വകുപ്പിനും സംഘാടകര്‍ക്കും അഭിമാനിക്കാം. വ്യക്തമായ ലക്ഷ്യത്തോടെ ആത്മാര്‍ത്ഥതയോടെയും കൂട്ടായ പ്രവര്‍ത്തനത്തോടെയും മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കണമെന്നതാണ് ഓരോ ടീമിനോടും തനിക്കുള്ള സന്ദേശം. ക്രിക്കറ്റില്‍ വെറും പതിനൊന്ന് പേരാണ് ഒരു ടീമിലെങ്കില്‍ ഇവിടെയത് നൂറിനടുത്താണ്. ഐക്യവും ഒത്തൊരുമയുമാണ് ഇവിടെ വിജയിയെ നിശ്ചയിക്കുന്നതെന്നും സച്ചിന്‍ വ്യക്തമാക്കി.