മുംബൈ : ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനൊരുങ്ങുന്ന ടീം നായകനാണ് ഉപദേശവുമായി സച്ചിന്‍ വന്നിരിക്കുന്നത്.
ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ആകുലപ്പെടാതെ താങ്കള്‍ ലക്ഷ്യത്തില്‍ മാത്രം മനസുറപ്പിക്കണമെന്നാണ് സച്ചിന്റെ ഉപദേശം. മുന്നോട്ടുള്ള വഴിയില്‍ ചുറ്റുമുള്ളവരില്‍ നിന്ന് ഒരുപാട് പറയുകയും കേള്‍ക്കുകയുമെല്ലാം ചെയ്യും. എന്നാല്‍ ലക്ഷ്യം നേടാനുള്ള അതിയായ ആഗ്രഹം താങ്കളിലുണ്ടെങ്കില്‍ താങ്കള്‍ക്കത് സാധിക്കും. എജ്ബാസ്റ്റണ്‍ ടെസ്റ്റിലെ തോല്‍വിയിലും താങ്കള്‍ക്ക് തല ഉയര്‍ത്തി നില്‍ക്കാം. അതേസമയം, റണ്‍സിനായുള്ള താങ്കളുടെ ദാഹം ഒരിക്കലും അവസാനിപ്പിക്കരുത്. സച്ചിന്‍ പറഞ്ഞു.
ബൗളര്‍മാര്‍ക്ക് 10 വിക്കറ്റ് മാത്രമേ പരമാവധി നേടാനാവു. എന്നാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അങ്ങനെ ഒരു പരിധി ഇല്ല. അതുകൊണ്ട് ഒരിക്കലും സംതൃപ്തനാവരുത്. അതേസമയം സന്തോഷവാനാവൂ എന്നും സച്ചിന്‍ കൊഹ്‌ലിയോട് പറഞ്ഞിട്ടുണ്ട്.
ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ ഇക്കാര്യങ്ങള്‍ കൊഹ്‌ലിയോട് പറഞ്ഞത്. എജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നേരിട്ട തോല്‍വിക്ക് ശേഷം ധാരാളം പ്രമുഖരാണ് ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ചും ഉപദേശിച്ചും രംഗത്തു വന്നിരുന്നത്.