അങ്ങനെ 2020 ല്‍ ഒരു സിനിമാപ്രവര്‍ത്തകനെയും കൂടി നഷ്ടമായിരിക്കുകയാണ്. അര്‍ജുനന്‍ മാഷ്, ശശി കലിംഗ, രവി വള്ളത്തോള്‍, ഇര്‍ഫാന്‍ ഖാന്‍, റിഷി കപൂര്‍, സുശാന്ത് സിംഗ് രജ്പുത്, ചിരഞ്ജീവി സര്‍ജ എന്നിവര്‍ക്ക് പിന്നാലെ ഇപ്പോഴിതാ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയും വിടവാങ്ങി.
സച്ചിയുടെ മൃതദേഹം തമ്മനത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ വൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. പൃഥ്വിരാജ്, രഞ്ജിത്ത്, ബിജു മേനോന്‍, സുരാജ്, സുരേഷ് കൃഷ്ണ, ഗൗരി നന്ദ എന്നിവരെല്ലാം സച്ചിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
സച്ചിയുമായി ദീര്‍ഘകാലങ്ങളായി അടുപ്പമുള്ള സുരേഷ് കൃഷ്ണ രവിപുരത്തെ ശ്മാശാനത്തിലെത്തി അന്ത്യചുംബനം നല്‍കി. സുഹൃത്തിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ പൊട്ടിക്കരയുകയായിരുന്നു അദ്ദേഹം.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സച്ചി സിനിമയിലേക്ക് കൊണ്ടു വന്ന നഞ്ചമ്മയും തന്റെ പ്രിയപ്പെട്ട സാറിനെ ഒരു നോക്കു കാണാന്‍ എത്തിയിരുന്നു. ‘സാറേ…’ എന്ന് വിളിച്ച് ഓടിയെത്തിയ നഞ്ചമ്മയ്ക്ക് സച്ചിയുടെ ചേതനയറ്റ ശരീരം കണ്ടപ്പോള്‍ ദുഖം നിയന്ത്രിക്കാനായില്ല. ‘എന്നെ നാട് മക്കള്‍ തെരിയമാതിരി വെച്ച് സാറ്’… സച്ചിയെക്കുറിച്ചു പറയുമ്പോള്‍ നക്കുപ്പതി പിരിവ് ഊരിലെ നഞ്ചമ്മയ്ക്ക് വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.
അയ്യപ്പനും കോശിക്കും വേണ്ടി നഞ്ചമ്മ പാടിയ നാടന്‍ പാട്ടുകള്‍ വലിയ ഹിറ്റായിരുന്നു. കാലിമേയ്ക്കല്‍ തൊഴിലാക്കിയ ആദിവാസി ഇരുള വിഭാഗത്തില്‍പ്പെട്ട നഞ്ചമ്മ സ്വന്തമായി വരികള്‍ തയ്യാറാക്കി സംഗീതസംവിധാനം ചെയ്ത നാലുപാട്ടുകളാണ് സിനിമയ്ക്കായി പാടിയത്. ഇതില്‍ ‘കളക്കാത്തെ… എന്നുതുടങ്ങുന്ന പാട്ട് സിനിമയുടെ ടൈറ്റില്‍സോങ്ങായി റിലീസ് ചെയ്തതോടെ നഞ്ചയമ്മയെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.