ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ അശ്ലീല സിഡി വിവാദത്തെ തുടര്‍ന്ന് രാജിവെച്ച മുന്‍ എ.എ.പി മന്ത്രി ബിജെപിക്കായി പ്രചരണ രംഗത്ത്.
ഡല്‍ഹിയിലെ മുന്‍ വനിതാശിശുക്ഷേമ മന്ത്രി സന്ദീപ് കുമാറാണ് ബിജെപി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചരണത്തിനിറങ്ങിയിരിക്കുന്നത്.
നരേലയിലെ ബി.ജെ.പി സ്ഥാനാര്‍ഥി സവിത ഖത്രിക്കുവേണ്ടിയാണ് സന്ദീപ് കുമാര്‍ പ്രചരണത്തിനിറങ്ങിയത്. സവിതയുടെ ഭര്‍ത്താവ് ഖത്രി അടുത്ത സുഹൃത്തായതിനാലാണ് പ്രചരണത്തിനിറങ്ങിയതെന്നും സുഹൃത്തുക്കളെ താന്‍ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യും അതിനു പാര്‍ട്ടി നോക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സന്ദീപ് കുമാറിനെ പ്രചരണത്തിനു വേണ്ടി ക്ഷണിച്ചിട്ടില്ലെന്ന് ബിജെപി അറിയിച്ചു.
കെജ്‌രിവാളിനെതിരെയും ആം ആദ്മി പാര്‍ട്ടിക്കുമെതിരെയും കടുത്ത വിമര്‍ശനങ്ങളുമായാണ് സന്ദീപ് കുമാര്‍ പ്രചരണം നടത്തുന്നത്. കെജ്‌രിവാള്‍ അദ്ദേഹത്തിന്റെ ചൂലുപയോഗിച്ച് ഡല്‍ഹിയിലെ ജനങ്ങളെ വിഡ്ഢികളാക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ജാതിരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണ് എ.എ.പിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ താന്‍ ബിജെപിയിലോ മറ്റ് പാര്‍ട്ടികളിലോ ചേര്‍ന്നിട്ടില്ലെന്ന് സന്ദീപ് കുമാര്‍ വ്യക്തമാക്കി.