സാധനം എന്ന് പറയുന്നത് പ്രാദേശിക ഭാഷ; കെഎം ഷാജിയെ പിന്തുണച്ച് വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്

മലപ്പുറം: മന്ത്രി വീണ ജോര്‍ജിനെതിരായ പരാമര്‍ശത്തില്‍ കെഎം ഷാജിയെ പിന്തുണച്ച് വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജിത നൗഷാദ്. കെഎം ഷാജിയുടെ പരാമര്‍ശം സ്ത്രീവിരുദ്ധതയായി കാണാനാവില്ലെന്ന് ഷാജിത നൗഷാദ് പറഞ്ഞു. സാധനം എന്ന് പറയുന്നത് നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന ഒരു വാക്കാണ്. സാധനം എന്നു പറയുന്നത് ഒരു പ്രാദേശിക ഭാഷയാണ്. കെ എം ഷാജി കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങളെയാണ് ചൂണ്ടിക്കാണിച്ചത്. സര്‍ക്കാരിനെതിരെ ആര് വിമര്‍ശിച്ചാലും ഇപ്പോള്‍ കേസെടുക്കും. വാക്കുകള്‍ വളച്ചൊടിച്ച വനിതാ കമ്മീഷനെതിരെയാണ് കേസെടുക്കേണ്ടത്. വനിതാ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് സിപിഐഎമ്മിന്റെ പോഷക സംഘടന പോലെയാണ് എന്നും ഷാജിത പ്രതികരിച്ചു.

അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെഎം ഷാജിയുടെ പരാമര്‍ശം. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യതയെന്നും കെ.എം ഷാജി പറഞ്ഞു. മലപ്പുറം കുണ്ടൂര്‍ അത്താണി മുസ്ലിം ലീഗ് സമ്മേളന വേദിയില്‍ സംസാരിക്കവെയാണ് കെ.എം ഷാജി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്.

മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രഗത്ഭയല്ലെങ്കിലും നല്ല കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നുവെന്ന് പറഞ്ഞ ഷാജി ദുരന്തം എന്ന് കേള്‍ക്കുമ്പോള്‍ ഇടതുപക്ഷം സന്തോഷിക്കുകയാണെന്നും കുറ്റപ്പെടുത്തി. ദുരന്തങ്ങളെ മുതലെടുക്കാനും മുഖ്യമന്ത്രിക്ക് വാര്‍ത്താസമ്മേളനം നടത്താനുമുള്ള അവസരമായാണ് അവര്‍ കാണുന്നത്. നിപ്പയെ അവസരമാക്കി എടുക്കരുതെന്നും കെ.എം ഷാജി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പരാമര്‍ശത്തിനു പിന്നാലെ ഷാജിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. ഇതിനു പിന്നാലെ കേസെടുത്ത വനിതാ കമ്മീഷനെതിരെ മുസ്ലിം ലീഗ് നേതാക്കളായ കെപിഎ മജീദ്, എംകെ മുനീര്‍ എന്നിവരും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നിരുന്നു.

Top