sadhanadha gowda statement

കൊല്ലം: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ വിചാരണയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്ന് കേന്ദ്രനിയമ മന്ത്രി സദാനന്ദ ഗൗഡ.

ഇറ്റാലിയന്‍ നാവികരെ ഇന്ത്യയില്‍ തന്നെ വിചാരണ ചെയ്യണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് അമേരിക്കയുടെയോ മറ്റു രാജ്യങ്ങളുടെയോ സഹായം തേടിയിട്ടില്ലെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.

ഇറ്റാലിയന്‍ നാവികരെ വിട്ടുകൊടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി രഹസ്യ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരനായിരുന്ന ക്രിസ്റ്റ്യന്‍ മിഷേല്‍ ആരോപിച്ചിരുന്നു.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിയില്‍ സോണിയാ ഗാന്ധിക്കെതിരെ തെളിവുകള്‍ നല്‍കിയാല്‍ ഇറ്റാലിയന്‍ നാവികരെ വിട്ടയയ്ക്കാമെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിരിക്കുന്ന ഉറപ്പെന്നാണ് മിഷേല്‍ ആരോപിക്കുന്നത്.

കടല്‍ക്കൊല കേസില്‍ പ്രതിയായി ഇന്ത്യയില്‍ കഴിയുകയായിരുന്ന രണ്ടാമത്തെ നാവികനായ സാല്‍വത്തോറെ ജെറോണിന് നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞ മാസം 26 ന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

അന്താരാഷ്ട്ര മധ്യസ്ഥ കോടതിയില്‍ കേസ് തീര്‍പ്പാകും വരെ ഇറ്റലിയില്‍ തുടരാനാണ് സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇതിനെ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വേണ്ടവിധം പ്രതിരോധിച്ചിരുന്നില്ല.

Top