ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഹിന്ദുമത വിഭാഗത്തിനു കീഴിലുള്ള കമ്മറ്റികള്‍ അടുത്ത മാസം ഡല്‍ഹിയില്‍ യോഗം ചേരും. ഒക്ടോബര്‍ അഞ്ചാം തീയതിയായിരിക്കും യോഗം. രാം ജന്മഭൂമി നിര്‍മ്മാണ്‍ ഉച്ച് അധികാര്‍ സമിതിയാണ് യോഗത്തിന് നേതൃത്വം നല്‍കുന്നത്. മഹദ് നൃത്യ ഗോപാല്‍ ദാസാണ് ഇതിന്റെ പ്രധാന പ്രവര്‍ത്തകന്‍. രാം ജന്മഭൂമി ന്യാസ് ട്രസ്റ്റിന്റെ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
വിശ്വ ഹിന്ദു പരിക്ഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ ലഖ്‌നൗ-അയോദ്ധ്യ മാര്‍ച്ചിന് തൊട്ടു മുന്‍പാണ് ഈ യോഗം സംഘടിപ്പിച്ചിരിക്കുന്നത്.
രാമക്ഷേത്രം പണിയുക എന്നത് കോടിക്കണക്കിന് ഹിന്ദുക്കളുടെ ആവശ്യമാണെന്ന് വിഎച്ച്പി നേതാവ് ശരത് ശര്‍മ്മ അഭിപ്രായപ്പെട്ടു. 40 ഹിന്ദു സംഘടന നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുക. രാമക്ഷേത്ര നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോട്ട് വന്നില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഇല്ലാതാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ഹിന്ദുക്കളെ വിഡ്ഢികളാക്കുന്നു. എസ്.സി-എസ്.ടി നിയമ ഭേദഗതിയില്‍ വിപ്ലവം സൃഷ്ടിച്ച സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിയമമുണ്ടാക്കണമെന്ന് ആചാര്യ സത്യേന്ദ്ര ദാസ് ആവശ്യപ്പെട്ടു.