ഗോഡ്സെ ‘രാജ്യസ്നേഹി’ ; പ്രജ്ഞാ സിംഗിന്റെ വിവാദ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

ന്യൂഡല്‍ഹി : മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ച ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പരാമർശം സഭാ രേഖയിൽ നിന്ന് നീക്കി. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

എസ്.പി.ജി (ഭേദഗതി) ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് പ്രഗ്യ ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചത്.

ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഗോഡ്‌സെ രചിച്ച ”വൈ ഐ കില്‍ഡ് ഗാന്ധി” എന്ന പുസ്തകത്തിലെ ഒരു വാക്യം ഡി.എം.കെ അംഗം എ രാജ ഉപയോഗിച്ചിരുന്നു. പ്രഗ്യ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചുള്ള പരാമര്‍ശം പ്രഗ്യ നടത്തിയത്.

ഗോഡ്സെയെ പ്രകീര്‍ത്തിച്ചുള്ള പ്രഗ്യാ സിംഗിന്‍റെ പരാമര്‍ശം മുമ്പും വിവാദമായിരുന്നു. ഗോഡ്‌സെ രാജ്യസ്‌നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്നായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് പ്രഗ്യാ സിംഗ് അഭിപ്രായപ്പെട്ടത്. ഗോഡ്‌സെ ഹിന്ദു തീവ്രവാദി ആണെന്ന, കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു പ്രഗ്യാസിംഗിന്റെ പ്രസ്താവന.

സംഭവം വിവാദമായതോടെ ബിജെപി പ്രഗ്യയോട് വിശദീകരണം ആവശ്യപ്പെടുകയും അപലപിക്കുകയും ചെയ്തിരുന്നു. മലേഗാവ് സ്‌ഫോടനക്കേസില്‍ വിചാരണ നേരിടുന്ന പ്രഗ്യാ സിംഗിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത് കഴിഞ്ഞയിടെ വിവാദമായിരുന്നു.

Top