ലണ്ടന്‍ മേയറായി സാദിഖ് ഖാന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

ലണ്ടന്‍: ലണ്ടന്‍ മേയറായി അഭിഭാഷകനായ സാദിഖ് ഖാന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ലേബര്‍ സ്ഥാനാര്‍ഥിയും നിലവിലെ മേയറുമാണ് ഇദ്ദേഹം. തിരിച്ചടികള്‍ക്കിടയിലും പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിക്ക് ഉത്തേജനം നല്‍കിക്കൊണ്ടാണ് സാദിഖ് ഖാന്‍ ലണ്ടന്‍ മേയറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ലണ്ടന്‍ ഉള്‍പ്പെടെയുള്ള 13 നഗരങ്ങളിലെ മേയര്‍ സ്ഥാനങ്ങളിലേക്കും ഇംഗ്ലണ്ടിലെ പ്രാദേശിക കൗണ്ടി കൗണ്‍സിലുകളിലേക്കും നടന്ന തിരഞ്ഞെടുപ്പില്‍ ടോറികള്‍ക്കായിരുന്നു നേട്ടം.

സാദിഖ് ഖാന്‍ 55.2 ശതമാനം വോട്ട് നേടിയപ്പോള്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥി ഷാന്‍ ബെയ്‌ലിക്ക് 44.8 ശതമാനം വോട്ടാണ് ലഭിച്ചത്. 2016 ല്‍ ബോറിസ് ജോണ്‍സണ്‍ മേയര്‍ സ്ഥാനം ഒഴിഞ്ഞശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് സാദിഖ് ഖാന്‍ അധികാരത്തിലെത്തിയത്. പ്രധാന പാശ്ചാത്യ തലസ്ഥാനത്തിന്റെ ആദ്യ മുസ്‌ലിം മേയറായിരുന്നു സാദിഖ് ഖാന്‍.

പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചായിരുന്നു തന്റെ പ്രചാരണത്തില്‍ അദ്ദേഹം ഊന്നല്‍ നല്‍കിയിരുന്നത്. ലോകത്തിലെ മികച്ച നഗരങ്ങളിലൊന്നായ ലണ്ടനിലെ നിവാസികള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ ഞാന്‍ അത്യധികം വിനീതനാണ്, തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷം സാദിഖ് ഖാന്‍ പറഞ്ഞു.

Top