മലപ്പുറം: സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകള്‍ വെട്ടി മാറ്റുന്നവര്‍ക്ക് ചരിത്രത്തെ വെട്ടിമാറ്റാനാകില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇത്തരത്തിലുള്ള കോപ്രായം കാണിക്കാനല്ല ജനങ്ങള്‍ അധികാരം നല്‍കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കണം. മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെയാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
മലപ്പുറത്ത് ജില്ലാ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ 1921ല്‍ നടന്ന സ്വതന്ത്ര സമരത്തിന്റെ 100ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാര്‍ കലാപം വര്‍ഗീയ ലഹളയെന്ന് ചിത്രീകരിക്കുന്നത് ചരിത്രത്തോടുള്ള നീതികേടാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. മലബാര്‍ കലാപം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്വല അധ്യായമാണ്. അതിലെ അവിസ്മരണീയ ഏടാണ് പൂക്കോട്ടൂര്‍ യുദ്ധമെന്നും എം ബി രാജേഷ് അഭിപ്രായപ്പെട്ടു.
മലബാര്‍ കലാപവുമായി ബന്ധപ്പെട്ട വിവാദത്തില്‍ താന്‍ കക്ഷിയല്ലെന്ന് എം ബി രാജേഷ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മലബാര്‍ കലാപത്തില്‍ വര്‍ഗ്ഗീയമായ വഴിപിഴക്കലുകള്‍ ഉണ്ടായിട്ടുണ്ടെന്നത് വ്യക്തമാണ്. പക്ഷെ അടിസ്ഥാനപരമായി മലബാര്‍ കലാപം ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്ത വിരുദ്ധവുമാണെന്നും അദ്ദേഹം അറിയിച്ചു.