ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുന്ന പണിയാണിപ്പോള്‍ , മുസ്ലീംലീഗ് നേതൃത്വം ചെയ്യുന്നത്. സമസ്തക്കെതിരെ ബദല്‍ ഒരുക്കാനുള്ള മുസ്ലീംലീഗ് നീക്കം , ലീഗിന്റെ ഉള്ള അടിത്തറയെ തന്നെയാണ് നാമാവിശേഷമാക്കാന്‍ പോകുന്നത്. അതായത് , ലീഗ് അനുഭവിക്കാന്‍ പോകുന്നതേയൊള്ളൂ എന്നതു വ്യക്തം. സമസ്തയെ പിളര്‍ത്താന്‍ ഒരുങ്ങുന്ന ലീഗാണ് ആദ്യം പിളരാന്‍ പോകുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ , അത് ഉടനെ തന്നെ സംഭവിക്കുകയും ചെയ്യും. അധികാരമില്ലാതെ , അധികകാലം മുന്നോട്ടു പോകാന്‍ ലീഗിന് സാധിക്കുകയില്ല. അതു കൊണ്ടാണ് , ഇടതുപക്ഷത്തോട് അടുക്കാന്‍ , ലീഗിലെ ഒരുവിഭാഗം ശ്രമിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ , ഈ നീക്കത്തിനാണ് വേഗതയേറുക. മാത്രമല്ല , സമസ്തയില്‍ നിന്നും , അധികം താമസിയാതെ തന്നെ കടുത്ത ലീഗ് അനുകൂലികള്‍ക്കും പുറത്തു പോകേണ്ടി വരും.
സമസ്തയിലെ പ്രബലവിഭാഗം ഇപ്പോള്‍ തന്നെ ലീഗിന് എതിരാണ്. ലീഗിന്റെ പുതിയ നീക്കത്തിന്റെ പശ്ചാത്തലത്തില്‍, ലീഗ് അനുകൂലവിഭാഗം ഇപ്പോള്‍ സംഘടനയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഉള്ളത്.പട്ടിക്കാട് ജാമിഅഃ നൂരിയ്യ വാര്‍ഷിക സമ്മേളനത്തില്‍ നിന്നും , സത്താര്‍ പന്തല്ലൂര്‍ ഉള്‍പ്പെടെയുള്ള യുവനേതാക്കളെ ഒഴിവാക്കിയതും , സാദിഖലി തങ്ങളുടെ അറിവോടെയാണ്. മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച സമസ്ത നേതാക്കളാണ് മാറ്റി നിര്‍ത്തപ്പെട്ടിരുന്നത്.സമസ്തക്കു കീഴിലെ വിദ്യാഭ്യാസ സ്ഥാപനമാണ് പെരിന്തല്‍മണ്ണയിലെ പട്ടിക്കാട് ജാമിഅഃ നൂരിയ അറബിയ്യ കോളേജ്.
മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ പ്രസിഡന്റായ ഈ സ്ഥാപനത്തിന്റെ വാര്‍ഷിക സമ്മേളനമാണ്, ജനുവരി 3 മുതല്‍ 7 വരെ നടന്നിരുന്നത്. ഈ വേദിയില്‍ നിന്നാണ് സമസ്തയിലെ യുവനേതാക്കളെ വെട്ടിമാറ്റിയത്. ഇവരെല്ലാം തന്നെ, ഏക സിവില്‍ കോഡ് വിഷയമടക്കം പല ഘട്ടങ്ങളിലായി, മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ ശക്തമായി വിമര്‍ശനമുന്നയിച്ചവരാണ് എന്നതും , നാം മനസ്സിലാക്കേണ്ടതുണ്ട്. ലീഗിന്റെ ഇത്തരം നെറികേടിനെതിരെ , പ്രകോപനപരമായ പ്രസംഗമാണ് ,സത്താര്‍ പന്തലൂരും നടത്തിയിരുന്നത്. ഇതിനുള്ള മറുപടി കൂടിയാണ് , പാണക്കാട് കുടുംബാംഗത്തില്‍ നിന്നും , ആരോപണം രൂപത്തില്‍ , പന്തലൂരിനെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. സമസ്തയില്‍ ഇപ്പോള്‍ ലീഗ് അനുകൂലികളും ലീഗ് വിരുദ്ധരും എന്ന രണ്ട് വിഭാഗമാണുള്ളത്. സമസ്തക്കെതിരായ ലീഗ് നീക്കത്തില്‍ , സമസ്ത അധ്യക്ഷനും ശക്തമായ പ്രതിഷേധമാളുള്ളത്.
പാണക്കാട് കുടുംബത്തെ മുന്‍ നിര്‍ത്തിയാണ് , സമസ്തക്കെതിരെ , അതായത്… കേരള ജംഇയ്യത്തുല്‍ ഉലമ, ഇകെ വിഭാഗത്തിനെതിരെ , മുസ്ലിംലീഗ് ബദല്‍ നീക്കം നടത്തുന്നത്. ഇതിനായി , പാണക്കാട് തങ്ങള്‍ ഖാസി ഫൗണ്ടേഷന്‍ രൂപീകരിച്ചാണ് സമസ്തക്കെതിരായ നീക്കം കടുപ്പിച്ചിരിക്കുന്നത്. ഫ്രെബ്രുവരി 17ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന മഹല്ല് നേതൃസംഗമത്തിലൂടെ , ഇതിന് തുടക്കംകുറിക്കാനാണ് തീരുമാനം.സമസ്ത നൂറാം വാര്‍ഷികാഘോഷം ഈ മാസം തുടങ്ങാനിരിക്കെയാണ്, സംഘടന പിളര്‍ത്താനും പിടിച്ചടക്കാനുമുള്ള ലീഗ് ശ്രമവും ശക്തിപ്പെട്ടിരിക്കുന്നത്. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെ മൗനാനുവാദത്തോടെയാണ് സകല നീക്കങ്ങളും നടക്കുന്നത്.
മഹല്ല് നേതൃസംഗമത്തിന്റെ സംഘാടന -പ്രചാരണ പ്രവര്‍ത്തനത്തില്‍, ലീഗ് നേതാക്കള്‍ സജീവമായാണ് രംഗത്തിറങ്ങിയിരിക്കുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിന്‍ ഹാജിയെയാണ് , ബദല്‍ പ്രവര്‍ത്തനത്തിനായി ലീഗ് ചുമതലപ്പെടുത്തിയിരിക്കുന്നത് എന്നാണ്, പുറത്തു വരുന്ന വിവരം. സംസ്ഥാന സംഘാടക സമിതി ചെയര്‍മാനും ഇദ്ദേഹം തന്നെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്ടും വയനാടും ഉള്‍പ്പെടെ നടന്ന സംഘാടകസമിതി യോഗങ്ങളിലും ലീഗ് ജില്ലാ പ്രസിഡന്റടക്കമാണ് പങ്കെടുത്തിരിക്കുന്നത്. പാണക്കാട് സാദിഖലി തങ്ങള്‍ക്ക് ഒപ്പം, കുടുംബാംഗങ്ങളായ അബ്ബാസലി, റഷീദലി, ഹമീദലി, ബഷീറലി, മുനവറലി എന്നിവര്‍ ഖാസിമാരായ മഹല്ലുകളിലെ പ്രവര്‍ത്തകരെയാണ്, പ്രധാനമായും സംഗമത്തില്‍ പങ്കെടുപ്പിക്കുന്നത്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഖാസിയായ മഹല്ലുകളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
ഫെബ്രുവരി 17ന് കോഴിക്കോട് സരോവരത്തെ ട്രേഡ് സെന്ററില്‍ നടക്കുന്ന സംഗമത്തില്‍, ഒരു മഹല്ലില്‍നിന്ന് 10 പ്രവര്‍ത്തകരെ കോഴിക്കോട്ടെത്തിക്കാനാണ് താഴെതട്ടില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ലീഗ് മണ്ഡലം-ശാഖ കമ്മിറ്റികള്‍ക്കാണ് ഇതിന്റെ ചുമതലയുള്ളത്. മഹല്ല് സംഗമ പ്രചാരണ ബോഡില്‍ സാദിഖലി തങ്ങളുടെ ഫോട്ടോ മാത്രമേ വയ്ക്കാവൂ എന്ന നിര്‍ദേശവും നേതൃത്വം നല്‍കിയിട്ടുണ്ട്.ഇതിനിടെയാണ്, എസ് കെ എസ് എസ് എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പാണക്കാട് കുടുംബാംഗമായ സമീറലി ശിഹാബ് തങ്ങള്‍ രംഗത്ത് വന്നത് , ഇരുവിഭാഗവും തമ്മിലുളള ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. സമസ്തയുടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഭീഷണി കത്ത് തയ്യാറാക്കിയതിന് പിന്നില്‍ , സത്താര്‍ പന്തല്ലൂര്‍ ആണെന്നാണ് , പാണക്കാട് കുടുംബാംഗം സമീറലി ആരോപിച്ചിരിക്കുന്നത്. ഇപ്പോഴത്തെ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍ , ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണെന്ന പ്രചരണത്തിന് അടിവരയിടുന്നതാണ് , സമീറലി ശിഹാബ് തങ്ങളുടെ ആരോപണം. സാദിഖലി ശിഹാബ് തങ്ങളുടെ അറിവോടെയല്ലാതെ , ഇത്തരമൊരു ആരോപണമുന്നയിക്കാന്‍ , സമീറലി തയ്യാറാവില്ലെന്നാണ് , മുതിര്‍ന്ന സമസ്ത നേതാക്കള്‍ കരുതുന്നത്.
സമസ്തയിലെയും അതിന്റെ പോഷക സംഘടനയായ എസ്.കെ.എസ്.എസ്.എഫിലെയും അണികളെ , കൂടുതല്‍ പ്രകോപിതരാക്കാനാണ് , സമീറലി ശിഹാബ് തങ്ങളുടെ ആരോപണം വഴിവച്ചിരിക്കുന്നത്. ലീഗിനെ പാഠം പഠിപ്പിക്കണമെന്ന വികാരം , സമസ്തയിലെ ലീഗ് വിരുദ്ധരില്‍ ശക്തമാണ്. അതിനുള്ള അവസരത്തിനായാണ് , അവരും ഇപ്പോള്‍ കാത്തിരിക്കുന്നത്.കഴിഞ്ഞ കുറെ നാളുകളായി, മലബാറിലെ മുസ്ലീം രാഷ്ട്രീയത്തില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന ചുഴലിയാണ് , ഒടുവില്‍ പൊട്ടിത്തെറിയില്‍ എത്തി നില്‍ക്കുന്നത്.സമസ്തയിലെ മുസ്ലീം ലീഗിനെ അനുകൂലിക്കുന്നവരും എതിര്‍വിഭാഗവും തമ്മിലുള്ള രൂക്ഷമായ ഭിന്നതയാണ് , സകല അതിര്‍വരമ്പുകളും ഭേദിച്ചിരിക്കുന്നത്. സത്താര്‍ പന്തലൂരിനെ പോലെയുള്ള , ജനകീയനായ മതപണ്ഡിതനെതിരെ , 10 വര്‍ഷം മുന്‍പുള്ള കത്ത് ചൂണ്ടിക്കാട്ട് പാണക്കാട് കുടുംബാംഗം എത്തിയത് , വ്യക്തമായ തിരക്കഥ പ്രകാരമാണെന്നാണ് , ലീഗ് വിരുദ്ധ വിഭാഗം തുറന്നടിച്ചിരിക്കുന്നത്.
അന്തരിച്ച സമസ്ത മുശാവറ അംഗവും മുതിര്‍ന്ന നേതാവുമായിരുന്ന… ടിഎം കോട്ടുമല ബാപ്പു മുസ്ലിയാര്‍, സമസ്ത സെക്രട്ടറി എംടി അബ്ദുള്ള മുസ്ലിയാര്‍ എന്നിവര്‍ക്കെതിരെ, അധിക്ഷേപങ്ങളും ഗുരുതര ആരോപണങ്ങളും അടങ്ങിയ കത്ത് തയ്യാറാക്കിയതിനു പിന്നില്‍ , സത്താര്‍ പന്തല്ലൂര്‍ ആണെന്ന ആരോപണത്തെ, സമസ്ത മുശാവറ അംഗങ്ങള്‍ ഉള്‍പ്പെടെ , പുച്ഛിച്ചാണ് തള്ളിയിരിക്കുന്നത്.കഴിഞ്ഞ കാലങ്ങളില്‍ ലീഗിനോട് ചേര്‍ന്ന് നിന്നിരുന്ന സമസ്ത , അടുത്തയിടെയായി , ഇടതുപക്ഷത്തോട് അടുത്തതാണ് , ലീഗ് നേതൃത്വത്തെ പ്രകോപിച്ചിരുന്നത്. ലീഗ് അഭ്യര്‍ത്ഥന തള്ളിയാണ് , സമസ്ത നേതൃത്വം ഈ സഹകരണം തുടര്‍ന്നിരുന്നത്. സമസ്തയെ ലീഗ് നിയന്ത്രിക്കുന്നതില്‍ പ്രതിഷേധിച്ചാണ് , 1987-ല്‍ എ.പി വിഭാഗം മുന്‍പ് പിളര്‍ന്നു പോയിരുന്നത്. എന്നാല്‍ , അതിനു ശേഷവും , വളരെ കരുത്തോടെ തന്നെയാണ് സമസ്ത നിലനിന്നു പോന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും , 87-ന്റെ ആവര്‍ത്തനത്തിനുള്ള സാധ്യതയാണ് തെളിയുന്നത്.
ഇത്തവണ പക്ഷേ , ലീഗിനാണ് വലിയ വില കൊടുക്കേണ്ടി വരിക. കാരണം , ലീഗ് വിരുദ്ധര്‍ക്കാണ് സമസ്തയില്‍ ഇപ്പോഴും മേധാവിത്വമുള്ളത്. സമസ്ത ലീഗിന്റെ ഉപഗ്രഹമല്ലെന്ന് തറപ്പിച്ചു പറയുന്ന വിഭാഗമാണത്. സ്വതന്ത്ര അസ്തിത്ത്വമുള്ള ഒരു മത സംഘടനയാണ് സമസ്ത എന്നാണ് അവര്‍ പറയുന്നത്. ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമസ്ത പ്രസിഡന്റ് ആയി ചുമതല ഏറ്റെടുത്തതോടെയാണ് , ലീഗിന്റെ കഷ്ടകാലവും തുടങ്ങിയത്. ഇടതുപക്ഷ സഹകരണം തുടങ്ങിയതും , സുപ്രഭാതം പത്രം ആരംഭിച്ചതും ഈ കാലഘട്ടത്തിലാണ്. സ്വന്തമായി ഒരുപത്രം ആരംഭിക്കുക വഴി , വ്യക്തതയുള്ള ഒരു നിലപാടു പ്രഖ്യാപനമാണ് സമസ്ത നേതൃത്വം നടത്തിയിരുന്നത്. ലീഗിനും ലീഗ് മുഖപത്രത്തിനും , ഓര്‍ക്കാപ്പുറത്തുള്ള പ്രഹരം നല്‍കിയാണ് , സുപ്രഭാതം കടന്നുവന്നിരുന്നത്. സമസ്തയുടെ പരമാധികാര കേന്ദ്രമായ , മുശാവറയില്‍, ലീഗ് സംസ്ഥാന അദ്ധ്യക്ഷനായ സാദിഖലി ശിഹാബ് തങ്ങളെ ഉള്‍പ്പെടുത്താത്തതും , ലീഗ് – സമസ്ത ബന്ധം വഷളാവുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
മുന്‍പ് ലീഗ് അദ്ധ്യക്ഷനായിരുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ , സമസ്ത വൈസ് പ്രസിഡന്റും മുശാവറ അംഗവുമായിരുന്നു. മുന്‍പുണ്ടായിരുന്ന ലീഗ് അദ്ധ്യക്ഷന്‍മാരും മുശാവറ അംഗങ്ങളായി സേവനമനുഷ്ടിച്ചവരാണ്. പണ്ഡിത സഭയായ മുശാവറ അംഗമായി തിരഞ്ഞെടുക്കാനുളള മാനദണ്ഡത്തില്‍ , സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടുന്നില്ലന്നും , ലീഗ് അദ്ധ്യക്ഷനെന്ന പദവി കൊണ്ടു മാത്രം ആര്‍ക്കും സമസ്ത മുശാവറ അംഗമാകാന്‍ കഴിയില്ലന്നുമാണ് , സമസ്ത നേതൃത്വം പറയുനത്.മുസ്ലീംലീഗ് അദ്ധ്യക്ഷനായ ഒരു വ്യക്തിക്ക് , അതിന്റെ അധികാരം പൂര്‍ണ്ണമായും വിനിയോഗിക്കണമെങ്കില്‍ , തീര്‍ച്ചയായും സമസ്തയില്‍ ആധികാരികമായ സ്വാധീനം അനിവാര്യമാണ്. അത് നിലവില്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഇല്ല എന്നത് ഒരു വസ്തുത തന്നെയാണ്. മുശാവറയില്‍ എത്താനുള്ള വഴി കൂടി അടഞ്ഞതോടെയാണ് , ബദല്‍ നീക്കവുമായി സാദിഖലി തങ്ങള്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. മഹല്ല് നേതൃസംഗമം ഉള്‍പ്പെടെ, ലീഗിന്റെ ഇപ്പോഴത്തെ സകല നീക്കങ്ങളും അതിന്റെ ഭാഗമാണ്.ഇത് ബക്കറ്റിലെ തിരമാല മാത്രമായി മാറുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്….