‘സേഫ് കേരള’ പദ്ധതി; ട്രാഫിക് നിയമ ലംഘനങ്ങളിൽ പിടി മുറുക്കാൻ എഐ ക്യാമറകൾ

തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ അടക്കം രംഗത്തിറക്കിയുള്ള സേഫ് കേരള പദ്ധതിക്ക് സർക്കാർ അംഗീകാരം. മോട്ടോർ വാഹന വകുപ്പിന്റെ 726 ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറകള്‍ ഏപ്രിൽ 20ാം തീയതി മുതൽ പ്രവർത്തിക്കും. ക്യാമറകള്‍ സ്ഥാപിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ധന ഗതാഗതവകുപ്പുകള്‍ തമ്മിലുള്ള തർക്കം കാരണം പ്രവർത്തിക്കാത്തത് വാർത്ത ആയിരുന്നു.

നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതം ഇനി നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയും. ഹെൽമെറ്റ് ഇല്ലാതെയുളള യാത്ര, രണ്ടിലധികം പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത്. ലൈൻ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, മൊബൈലിൽ സംസാരിച്ചുള്ള യാത്ര- ഇങ്ങനെയുളള കുറ്റകൃത്യങ്ങളാണ് ആദ്യം പിടിക്കുക. സോഫ്റ്റുവയർ അപ്ഡേഷൻ വഴി മാസങ്ങള്‍ക്കുള്ളിൽ അമിതവേഗതയിലുള്ള യാത്രയും പിടിക്കും.

ഒരു വർഷമായി പരീക്ഷണാാടിസ്ഥാനത്തിൽ ക്യാമറകള്‍ പ്രവർത്തിക്കുകയായിരുന്നു. പ്രതിമാസം 30,000 മുതൽ 90,000വരെ നിയമലംഘങ്ങളാണ് ക്യാമറകള്‍ പതിയുന്നത്. ഇങ്ങനെ നോക്കിയാൽ പിഴത്തുക വഴി സർക്കാർ ഖജനാവിലേക്ക് കോടികള്‍ എത്തും. നിയമലംഘനത്തിന് ഒരു ക്യാമറയിൽ പതിയുന്ന അതേ വാഹനം രണ്ടു കിലോ മീററർ അപ്പുറമുള്ള ഐഐ ക്യാമറയിൽ വീണ്ടും പതിഞ്ഞാൽ വീണ്ടും പിഴവീഴും. മൂന്നു വർഷം മുമ്പാണ് കെൽട്രോണുമായി കരാർ ഒപ്പുവച്ചത്. പണം തിരിച്ചടക്കുന്നത് ഉള്‍പ്പെടെ തർക്കങ്ങള്‍ നിലനിനതിനാലാണ് ക്യാമറകള്‍ പ്രവർത്തിക്കാത്തത്. അഞ്ചുവർഷത്തേക്കാണ് കരാർ. ഓരോ മൂന്നു മാസം കൂടുമ്പോഴും 11.5 കോടി രൂപ കെൽട്രോണിന് നൽകും.

Top