പാലക്കാട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയവൈരാഗ്യമല്ലെന്ന നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ് പിതാവ് സിറാജുദ്ദീന്‍. സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും സിപിഐയില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘമാണ് കൊലയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൊലപാതകമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഐ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
സിപിഐക്കു വളരാനുള്ള അവസരം നിഷേധിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നും മുന്‍പും സഫീറിന് വധ ഭീഷണി ഉണ്ടായിട്ടുണ്ടെന്നും സിറാജുദ്ദീന്‍ വെളിപ്പെടുത്തി. സഫീറിന്റെ കൊലപാതകത്തില്‍ രാഷ്ട്രീയലക്ഷ്യം ഇല്ലെന്നും ഇത് രാഷ്ട്രീയ കൊലപാതകമായി കാണരുതെന്നുമാണ് സിറാജുദ്ദിന്‍ നേരത്തെ പറഞ്ഞിരുന്നത്.
സഫീറിനെ ആക്രമിച്ചവര്‍ പണ്ട് ലീഗ് പ്രവര്‍ത്തകര്‍ ആയിരുന്നുവെന്നും, പിന്നീട് ഇവര്‍ സിപിഎമ്മിലും സിപിഐലുമായി ചേരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതികളും സഫീറും തമ്മില്‍ നേരത്തെ വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. പള്ളി കമ്മിറ്റി ഇടപെട്ട് അന്ന് പ്രശ്‌നം പരിഹരിച്ചിരുന്നുവെന്നും സിറാജുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.