റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ ക്ലാസിക് 350 ബൈക്കുകള്‍ തിരിച്ച് വിളിക്കുന്നു. ഈ ബൈക്കിന്റെ ഡ്രെം ബ്രേക്ക് വേരിയന്റിലെ പിന്നിലെ ബ്രേക്ക് സിസ്റ്റത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നുള്ള പരിശോധനകള്‍ക്കായാണ് ബൈക്കുകള്‍ തിരിച്ചുവിളിക്കുന്നത്. പുതിയ ക്ലാസിക് 350-ന്‍റെ 26,000 യൂണിറ്റുകള്‍ ഈ തിരിച്ച് വിളിക്കലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്.
സ്വിങ്ങ് ആമിനോട് ചേര്‍ന്ന് നല്‍കിയിട്ടുള്ള ബ്രേക്ക് റിയാക്ഷന്‍ ബ്രാക്കറ്റിനാണ് തകരാര്‍ സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് വിവരം. 2021-ല്‍ വിപണിയില്‍ എത്തിയ ക്ലാസിക് 350-യുടെ സിംഗിള്‍ ചാനല്‍ എ.ബി.എസ്. മോഡലിലെ പിന്നിലെ ഡ്രെം ബ്രേക്കിലാണ് ഇത് നല്‍കിയിട്ടുള്ളത്. ഉയര്‍ന്ന ബ്രേക്കിങ്ങ് ലോഡ് നല്‍കുന്നതിലൂടെ ബ്രാക്കറ്റിന് കേടുപാടുകള്‍ സംഭവിക്കുകയും ഉയര്‍ന്ന ബ്രേക്ക് ശബ്ദം ഉണ്ടാകുകയും ബ്രേക്ക് കുറയുകയും ചെയ്‌തേക്കും.
2021 സെപ്റ്റംബര്‍ ഒന്നിലും ഡിസംബര്‍ അഞ്ചിനുമിടയില്‍ നിര്‍മിച്ച വാഹനങ്ങളാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. ഈ കാലയളവില്‍ നിര്‍മിച്ചിട്ടുള്ള വാഹനങ്ങള്‍ റോയല്‍ എന്‍ഫീല്‍ഡ് സര്‍വീസ് അംഗീകൃത സര്‍വീസ് സെന്ററുകളില്‍ എത്തിക്കണമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. സിംഗിള്‍ ചാനല്‍ എ.ബി.എസ്. മോഡലില്‍ മാത്രമാണ് ഈ പോരായ്മ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ഈ വാഹനങ്ങള്‍ തിരിച്ച് വിളിച്ചിരിക്കുന്നത്.
റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് കരുത്തുറ്റ ടെസ്റ്റിങ്ങ്, ഡെവലപ്പ്‌മെന്റ് പ്രോട്ടോകോളുകള്‍ ഉണ്ടെന്നും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ആഗോള മാനദണ്ഡങ്ങള്‍ പാലിക്കാറുണ്ടെന്നുമാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍പോലും ചില സാഹചര്യങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടാറുണ്ടെന്നും ഇത് എത്രയും വേഗത്തില്‍ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നുമാണ് റോയല്‍ എന്‍ഫീല്‍ഡ് ഉറപ്പുനല്‍കിയിട്ടുള്ളത്.