തിരുവനന്തപുരം: ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇന്ത്യന്‍ ടീമിന്റെ പുതുവല്‍സര സമ്മാനം. സാഫ് ഫുട്‌ബോള്‍ സെമിയില്‍ മാലദ്വീപിനെ 3-2നു തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലെത്തി.
ജെജെ ലാല്‍ പെഖുല 34, 65 മിനിറ്റുകളിലായി രണ്ടു ഗോള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഒരു തവണ (24*) ലക്ഷ്യം കണ്ടു. പകുതി സമയത്ത് ഇന്ത്യ 2- 1നു മുന്നിലായിരുന്നു.
ഇന്ത്യന്‍ പ്രതിരോധനിരയുടെ പിഴവു പൂര്‍ണമായി പരിഹരിക്കാനായില്ലെന്ന് അടിവരയിടുന്നതായിരുന്നു മാലദ്വീപ് നേടിയ രണ്ടു ഗോളുകളും. കഴിഞ്ഞ കളികളില്‍നിന്നു വിഭിന്നമായി മുന്നേറ്റനിരയ്ക്കു കൃത്യമായി പന്തെത്തിയെങ്കിലും അവസരങ്ങള്‍ മുതലെടുക്കാന്‍ കഴിഞ്ഞില്ല.
സുവര്‍ണാവസരങ്ങള്‍ ഗോളാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നാലു ഗോള്‍ വ്യത്യാസത്തിനെങ്കിലും ഇന്ത്യയ്ക്കു ജയിക്കാമായിരുന്നു ഒരു സ്‌ട്രൈക്കറെ മുന്നില്‍ നിര്‍ത്തിയായിരുന്നു കഴിഞ്ഞ കളികളെങ്കില്‍ സുനില്‍ ഛേത്രി, ജെജെ, ഹാളീചരന്‍ നര്‍സാരി എന്നിവരെ മുന്നില്‍ നിര്‍ത്തി 4 -3 -3 ശൈലിയിലായിരുന്നു സെമി പോരാട്ടം. ഛേത്രിയും ജെജെയും ഗോള്‍ നേടിയതോടെ ഈ മാറ്റം ഫലം കാണുകയും ചെയ്തു.