ന്യൂഡല്‍ഹി: സിപിഎമ്മിന് യഥാര്‍ത്ഥ ഭീഷണി ബിജെപി തന്നെ.
ഇടതുപക്ഷത്തിന് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ പ്രധാന എതിരാളി കോണ്‍ഗ്രസ്സ് ആയിരുന്നു എന്നതില്‍ നിന്ന് മാറി ബിജെപിയായി എന്ന കാഴ്ചയാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്.
ചെങ്കോട്ടയായിരുന്ന ബംഗാള്‍ വീണപ്പോഴും ചെങ്കൊടിയെ കൈവിടാതെ ഉരുക്ക് കോട്ടയായി നിലകൊണ്ട കൊച്ചു ത്രിപുരയില്‍ കോണ്‍ഗ്രസ്സിനെ പിന്‍തള്ളി ബിജെപി നടത്തുന്ന തകര്‍പ്പന്‍ മുന്നേറ്റമാണ് ചെമ്പടയുടെ ചങ്കിടിപ്പിക്കുന്നത്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ നടന്ന നാല് ഉപതിരഞ്ഞെടുപ്പുകളില്‍ മൂന്നിലും രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപിയാണ്. കഴിഞ്ഞ ദിവസം നടന്ന സിമ്‌ന-തമകാരി നിയമസഭാ മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 582 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിപിഎം സ്ഥാനാര്‍ത്ഥി കുമുദ് ദേബര്‍മയ വിജയിച്ചുവെങ്കിലും തൊട്ട് പിന്നില്‍ കോണ്‍ഗ്രസ്സിനെ മറി കടന്നെത്തിയത് ബിജെപി പിന്‍തുണയോടെ മത്സരിച്ച മംഗല്‍ ദേബര്‍മയാണ്.
ആദിവാസികളുടെ പാര്‍ട്ടിയായ ഐഎന്‍പിടിയുടെ നിര്‍മല്‍ ദേബര്‍മയക്ക് 1066 വോട്ടും ലഭിച്ചു.
ആദിവാസി വോട്ടുകള്‍ ഭിന്നിച്ചത് കൊണ്ട് മാത്രമാണ് സിപിഎം സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ഈ വാദം സിപിഎം നേതൃത്വം തള്ളിക്കളഞ്ഞിട്ടുണ്ട്.
ഇവിടെ കോണ്‍ഗ്രസ്സിന്റെ 10 എംഎല്‍എമാരില്‍ ആറ്‌പേര്‍ ഇതിനകം തന്നെ തൃണമൂലിലേക്ക് കൂറ്മാറി കഴിഞ്ഞു. മറ്റൊരു എംഎല്‍എയാകട്ടെ രാജി വയ്ക്കുകയും ചെയ്തു.
കോണ്‍ഗ്രസ്സിന് ഏറ്റ ഈ പ്രതിസന്ധി മുതലെടുത്താണ് ബിജെപിയും സഖ്യകക്ഷിയായ ഐപിഎഫ്ടിയും ത്രിപുരയില്‍ മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്സും ഇവരോടൊപ്പം കൂടിയതിനാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അയല്‍ സംസ്ഥാനമായ ബംഗാളിലും മമത-ബിജെപി ധാരണയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആക്രമണം പ്രതിരോധിക്കാന്‍ കഴിയാതെ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേക്കേറിയതും പാര്‍ട്ടി ഓഫീസ് പോലും ബിജെപി ഓഫീസായി മാറിയതും ബംഗാളില്‍ സിപിഎം നേതൃത്വത്തെ നാണം കെടുത്തിയിരുന്നു.
കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും വളര്‍ച്ചക്ക് പിന്നിലെന്ന് ചൂണ്ടിക്കാണിക്കുന്ന സിപിഎം നേതൃത്വം ഇതേസാഹചര്യം ത്രിപുരയിലും സംജാതമാകുന്നതില്‍ ഏറെ ആശങ്കാകുലരാണ്.
തുടര്‍ച്ചയായി 23 വര്‍ഷമായി ത്രിപുര ഭരിക്കുന്ന സിപിഎമ്മിന് സംസ്ഥാനത്ത് ഭരണം കൈവിടുന്നത് ചിന്തിക്കാന്‍ പോലും പറ്റുന്നതല്ല.
കഴിഞ്ഞ ഡിസംബറില്‍ കൊല്‍ക്കത്തയില്‍ നടന്ന സിപിഎം സംഘടനാ പ്ലീനത്തിന്റെ റിപ്പോര്‍ട്ടില്‍ ‘ജനപ്രതിനിധികളിലും കേഡര്‍മാരിലും അഴിമതിയുള്‍പ്പെടെയുള്ള പ്രവണതകള്‍ വളരുന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന്’ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സമാനമായ സാഹചര്യത്തിലാണ് ബംഗാളിലെ ഭരണം നഷ്ടമായതെന്ന് ഓര്‍ക്കുമ്പോള്‍ ഈ റിപ്പോര്‍ട്ടിലെ പരാമര്‍ശം ഗൗരവകരം തന്നെയാണ്.
ദേശീയപാര്‍ട്ടി എന്ന പദവി നിലനിര്‍ത്താന്‍ സിപിഎമ്മിനെ സംബന്ധിച്ച് ത്രിപുരയിലെ ഭരണം അനിവാര്യം തന്നെയാണ് മാത്രമല്ല, കേരളത്തിലും ജാഗ്രത പാലിക്കേണ്ടതുണ്ട്.
കോണ്‍ഗ്രസ്സ് തരിപ്പണമായാല്‍ ആ സ്ഥാനത്ത് കേരളത്തിലും ബിജെപിയാണ് വരിക എന്ന യാഥാര്‍ത്ഥ്യം ഗൗരവമായി തന്നെയാണ് സിപിഎം നേതൃത്വം കാണുന്നത്.
അരുവിക്കര നല്‍കിയ സിഗ്നലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റവും നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നതുമെല്ലാം കേരളത്തില്‍ ഇടതുപക്ഷത്തിന് ബിജെപി ഉയര്‍ത്തുന്ന വലിയ വെല്ലുവിളിയായി തന്നെയാണ്.
അതുകൊണ്ട് തന്നെ സംഘ്പരിവാറിന്റെ വളര്‍ച്ചക്ക് കടിഞ്ഞാണിടാന്‍ പാര്‍ട്ടി സംവിധാനം ഉഷാറാക്കാനും സര്‍ക്കാര്‍ തലത്തില്‍ പൊതുസമൂഹത്തെ കൂടുതല്‍ അടുപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ ഉണ്ടാവണമെന്നുമാണ് സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അടുത്ത കേന്ദ്ര കമ്മറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തി തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന.
കോണ്‍ഗ്രസ്സിനെ പാടെ ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ‘കൂട്ട് കെട്ടുകളും’ ഒഴിവാക്കണമെന്ന അഭിപ്രായവും മുതിര്‍ന്ന നേതാക്കള്‍ക്കിടയിലുണ്ട്.
പ്രധാന പ്രതിപക്ഷമായി കേരളത്തിലായാലും ത്രിപുരയിലായാലും കോണ്‍ഗ്രസ്സ് തന്നെ നിലനില്‍ക്കണമെന്നതാണ് സിപിഎമ്മിന്റെ ആഗ്രഹം.
ബംഗാളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സുമായി ‘ധാരണ’യുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടാന്‍ തന്നെയാണ് സിപിഎം സംസ്ഥാന ഘടകത്തിന്റെ ഉറച്ച തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷ വിജയം നേടാനായില്ലെങ്കിലും വോട്ടിങ് ശതമാനം വലിയ തോതില്‍ വര്‍ദ്ധിച്ചത് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം.