കേരളാ ബ്ലാസ്റ്റേര്‍സ് താരം സഹല്‍ അബ്ദുള്‍ സമദ് ക്ലബ് വിട്ടു. കൊല്‍ക്കത്തല്‍ ക്ലബായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിലേക്കാണ് താരം പോവുക. ക്ലബ്ബുമായി അഞ്ച് വര്‍ഷത്തെ കരാറിലാണ് സഹലിനെ സ്വന്തമാക്കിയത്. രണ്ടര കോടി രൂപയാണ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സില്‍ പ്രതിഫലം എന്നാണ് വിവരം. കേരളാ ബ്ലാസ്റ്റേര്‍സ് ഇക്കാര്യം സ്ഥിരീകരിച്ചു. പകരം പ്രീതം കൊട്ടാല്‍ കേരളാ ബ്ലാസ്റ്റേര്‍സിലേക്ക് വരും. മൂന്നു വര്‍ഷത്തെ കരാറിലാണ് കൊട്ടാല്‍ ബ്ലാസ്റ്റേഴ്‌സിലെത്തുക. കോട്ടാലിന്റെ ട്രാന്‍സ്ഫര്‍ ഫീ 1.50 കോടിയാണ്. ട്രാന്‍സ്ഫര്‍ ഫീ ആയി ബ്ലാസ്റ്റേഴ്‌സിന് 90 ലക്ഷം രൂപ ലഭിക്കും.
2017 മുതല്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലുള്ള സഹല്‍ 2 വര്‍ഷം കൂടി കരാര്‍ ബാക്കി നില്‍ക്കെയാണു ടീം വിടുന്നത്. സഹലിന്റെ സാന്നിധ്യമില്ലാതെ ബ്ലാസ്റ്റേഴ്‌സ് പ്രീ സീസണ്‍ ക്യാംപിനു കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. കഴിഞ്ഞ ദിവസം വിവാഹിതനായ താരം അവധിയിലാണ്. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ക്യാംപിനായി കഴിഞ്ഞ ദിവസം മുതല്‍ എത്തിത്തുടങ്ങിയിരുന്നു. അഡ്രിയന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റകോസ്, പുതുതായി എത്തിയ ഓസ്‌ട്രേലിയന്‍ താരം ജോഷ്വ സത്തിരിയോ തുടങ്ങിയവരെല്ലാം പരിശീലനത്തില്‍ പങ്കെടുത്തു. പുതിയ അസിസ്റ്റന്റ് കോച്ച് ടി.ജി.പുരുഷോത്തമനും ക്യാംപിലെത്തി. മുഖ്യപരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ച് എത്തിയിട്ടില്ല. ഓഗസ്റ്റ് 3 മുതല്‍ നടക്കുന്ന ഡ്യുറാന്‍ഡ് കപ്പാണ് ടീമിന്റെ ആദ്യ വെല്ലുവിളി.