ഏഷ്യാ കപ്പിനുള്ള സാധ്യതാ ടീമില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും

കൊച്ചി: ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. 34 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇതില്‍ മൂന്ന് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍, സഹല്‍ എന്നിവരാണ് ടീമില്‍ ഇടം പിടിച്ച മലയാളി താരങ്ങള്‍.

കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് അഞ്ച് കളിക്കാരാണ് ടീമിലിടം പിടിച്ചത്. സഹലിന് പുറമെ, സന്ദേശ് ജിംഗന്‍, അനസ്, ഹോളിചരന്‍ നര്‍സാരി, ലാല്‍റുവത്താര എന്നിവരാണ് ടീമിലിടം നേടിയ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. ഡല്‍ഹി,ചെന്നൈയിന്‍, ബെംഗളുരു, പൂനെ, എ.ടി.കെ തുടങ്ങിയ ക്ലബുകളില്‍ നിന്ന് നാല് കളിക്കാരെ വീതം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധ്യതാ ടീമില്‍ നിന്ന് 28 അംഗ ടീം ഡിസംബറില്‍ യു.എ.ഇലേക്ക് പോകും. അവസാന 23 അംഗ ടീമിനെ പിന്നീടായിരിക്കും പ്രഖ്യാപിക്കുക. ജനുവരിയില്‍ യു.എ.ഇയിലാണ് മത്സരം നടക്കുന്നത്.

സുനില്‍ ഛേത്രി, ജെജെ തുടങ്ങി പ്രധാനതാരങ്ങളും ടീമിലുണ്ട്. ഈസ്റ്റ് ബെംഗളിന്റെ സാലാം രഞ്ജന്‍ മാത്രമാണ് ഐലീഗില്‍ നിന്നുള്ള ഏകതാരം. കൗമാരകതാരം കോമള്‍ തട്ടാലും ടീമിലിടം നേടി. ഗ്രൂപ്പ് എയില്‍ ആതിഥേയരായ യു.എ.ഇ, ബെഹറിന്‍,തായ്‌ലന്‍ഡ് എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ ഇറങ്ങുന്നത്.

Top