സഹാരന്‍പൂര്‍ ജാതിസംഘര്‍ഷം; ദളിത് സംഘടന തലവന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സഹാരന്‍പൂര്‍ ജാതിസംഘര്‍ഷവുമായി ബന്ധപ്പെട്ടു ദളിത് സംഘടനയായ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖറിനെ അറസ്റ്റു ചെയ്തു. യുപി സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മേയ് ആദ്യവാരം സഹാരന്‍പൂരില്‍ ദളിതരും സവര്‍ണ താക്കൂര്‍ വിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നിരവധി വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളും കലാപത്തില്‍ ആക്രമിക്കപ്പെട്ടു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ചന്ദ്രശേഖറിനായി ആഴ്ചകളായി പോലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു.

നേരത്തെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന 37 ദളിതര്‍ക്കു കോടതി പിന്നീടു ജാമ്യം അനുവദിച്ചിരുന്നു. ദളിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്നു ചന്ദ്രശേഖര്‍ ആരോപിച്ചു.

രണ്ടര മാസത്തിനുള്ളില്‍ യുപിയില്‍ ദളിതര്‍ക്കെതിരേയുള്ള കടന്നാക്രമണങ്ങള്‍ പെരുകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുപിയിലെ ദളിതര്‍ നേരിടുന്ന ആക്രമണങ്ങള്‍ക്കെതിരേ ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ വമ്പന്‍ പ്രതിഷേധ റാലി നടത്തിയിരുന്നു.

Top