കേരളഗാന വിവാദം: ‘ശ്രീകുമാരന്‍ തമ്പി പാട്ടില്‍ തിരുത്തല്‍ വരുത്താന്‍ തയ്യാറായില്ല’: കെ.സച്ചിദാനന്ദന്‍

തൃശ്ശൂര്‍: കേരള ഗാന വിവാദത്തില്‍ പ്രതികരണവുമായി സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍. ശ്രീകുമാരന്‍ തമ്പിയുടെ ഗാനം നിരാകരിച്ചുവെന്നും അദ്ദേഹത്തിന്റെ ഗാനത്തില്‍ ക്ലീഷേ പ്രയോഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും കെ സച്ചിദാനന്ദന്‍ പറഞ്ഞു. പാട്ടില്‍ തിരുത്തല്‍ വരുത്താന്‍ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരന്‍ തമ്പി തയ്യാറായില്ലെന്നും കെ സച്ചിദാനന്ദന്‍ പറഞ്ഞു. ബികെ ഹരിനാരായണന്റെ പാട്ടാണ് അക്കാദമി സമിതി അംഗീകരിച്ചത്. ആവശ്യപ്പെട്ട തിരുത്ത് പാട്ടില്‍ വരുത്താന്‍ ഹരിനാരായണന്‍ തയ്യാറായി. ഈ ഗാനത്തിന് സംഗീത സംവിധായകന്‍ ബിജിപാല്‍ ഈണം നല്‍കും. ഹരിനാരായണന്‍ തന്നെയാണ് ബിജിപാലിന്റെ പേര് നിര്‍ദ്ദേശിച്ചത്. ശ്രീകുമാരന്‍ തമ്പിയുടെ ഗാനലോകത്തെ സംഭാവനകളെയല്ല നിരാകരിച്ചതെന്നും ഒരു പ്രത്യേക ഗാനം മാത്രമാണ് നിരാകരിച്ചത്. പാട്ട് നിരാകരിച്ച കാര്യം അറിയിച്ചോ എന്ന് ചോദിക്കേണ്ടതുണ്ട്. നിരാകരണ വിവരം സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. തുടര്‍ച്ചയായ ഇത്തരം വിവാദങ്ങള്‍ക്ക് പിന്നില്‍ ചില ശക്തികള്‍ ഉണ്ടോയെന്ന് സംശയിക്കുന്നതായും സച്ചിദാനന്ദന്‍ പറഞ്ഞു.

അതിനിടെ ശ്രീകുമാരന്‍ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നേരത്തെ പറഞ്ഞത്. വസ്തുതകള്‍ മനസിലാക്കി പ്രശ്‌നം പരിഹരിക്കും. അദ്ദേഹം പറഞ്ഞപ്പോള്‍ മാത്രമാണ് പ്രശ്‌നത്തെ കുറിച്ച് അറിഞ്ഞതെന്നും ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. ശ്രീകുമാരന്‍ തമ്പി ഉള്‍പ്പടെ നിരവധി പേരില്‍ നിന്ന് പാട്ടു വാങ്ങിയിട്ടുണ്ടെന്ന പറഞ്ഞ അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍ പറഞ്ഞു. അക്കാദമി നിയോഗിച്ച കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും പാട്ടിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നുമാണ് ഇന്ന് രാവിലെ അറിയിച്ചത്.

Top